കൊച്ചി: യെമന്‍ പൗരന് തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്ക് മകളെ കാണാനായി യെമനിലേക്ക് പോകാന്‍ ഇനിയും കാത്തിരിക്കണം.
നിമിഷപ്രിയയെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന സനയിലേക്കുള്ള യാത്രാനുമതി ലഭിക്കാത്തതുമൂലമാണ് യാത്ര വൈകുന്നത്. ഇവിടേയ്ക്കുള്ള യാത്രാനുമതിക്കായി അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
അനുമതി ലഭിക്കാന്‍ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് സൂചന. നിലവില്‍ ഏദന്‍ വരെയുള്ള വിസയാണ് പ്രേമകുമാരിക്ക് ലഭിച്ചിട്ടുള്ളത്.
കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ക്കണ്ട് ശിക്ഷ ഇളവ് നേടാനാണ് ഇന്ത്യന്‍ എംബസി മുഖേനയുള്ള ശ്രമം. യെമന്‍ പൗരന്റെ കുടുംബം അനുവദിച്ചാല്‍ മാത്രമേ വധശിക്ഷയില്‍ നിന്ന് നിമിഷ പ്രിയയെ രക്ഷിക്കാനാവൂ.