വാഷിംഗ്ടൺ ഡിസി: വേഗത്തിൽ സഹായമെത്തിക്കുന്നതിനു ഗാസയിൽ അമേരിക്കൻ സേന താത്കാലിക തുറമുഖം നിർമിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. എന്നാൽ, അമേരിക്കൻ സേന ഗാസയിൽ കാലുകുത്തില്ല.
ഗാസയിലെ നാലിലൊന്നു ജനവും പട്ടിണിയുടെ വക്കിലാണെന്നു യുഎൻ മുന്നറിയിപ്പു നല്കിയ പശ്ചാത്തലത്തിലാണു ബൈഡന്റെ പ്രഖ്യാപനം. നൂറുകണക്കിനു ലോറി സഹായവസ്തുക്കൾ ഒറ്റ ദിവസംകൊണ്ട് തുറമുഖം വഴി എത്തിക്കാൻ കഴിയുമെന്ന് സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗത്തിൽ ബൈഡൻ വ്യക്തമാക്കി.
കടൽപ്പാലം അടക്കം ഉൾപ്പെടുന്ന തുറമുഖം നിർമിക്കാൻ ആഴ്ചകളെടുക്കുമെന്നാണു കരുതുന്നത്. ഇതോടെ ഭക്ഷണം, വെള്ളം, മരുന്ന്, താത്കാലിക പാർപ്പിടങ്ങൾ തുടങ്ങിയവ വലിയ കപ്പലുകളിലെത്തിക്കാനാകും. ഇവ സൈപ്രസിൽനിന്നായിരിക്കും ഗാസയിലേക്കു കൊണ്ടുവരിക. ഇതിനു മുന്പായി ഇസ്രയേലിന്റെ പരിശോധന ഉണ്ടായിരിക്കും.
ഗാസയിൽ സഹായമെത്തിക്കുന്നതിൽ സമുദ്ര ഇടനാഴി തുറക്കുമെന്നു ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് കാമറോൺ നേരത്തേ അറിയിച്ചിരുന്നു.
മാസങ്ങളായി ഇസ്രേലി സേനയുടെ ആക്രമണം നേരിടുന്ന ഗാസയിൽ 30,800 പലസ്തീനികളാണ് മരിച്ചത്. ജീവനോടെയുള്ളവർ വിവരണാതീത ദുരിതത്തിലൂടെയാണു കടന്നുപോകുന്നത്.