കോഴിക്കോട്: യുഡിഎഫിന്റെ സിറ്റിംഗ് സീറ്റില്‍നിന്ന് കെ. മുരളീധരനെ തൃശൂരിലേക്കു മാറ്റിയ നടപടി വടകരയില്‍ പോരാട്ടത്തിന്റെ വീര്യം കുറയ്ക്കുമോ? കടത്തനാടൻ മണ്ണിലേക്ക് അപ്രതീക്ഷിത സ്ഥാനാർഥിയായെത്തിയ യുവതുർക്കി ഷാഫി പറന്പിലിനെ അടിയറവു പറയിപ്പിക്കാൻ മുതിർന്ന സിപിഎം നേതാവ് കെ.കെ. ശൈലജയ്ക്കാകുമോ? കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി. ജയരാജനെ നേരിടാന്‍ വട്ടിയൂര്‍ക്കാവില്‍നിന്ന് എത്തിയ മുരളി തകര്‍പ്പന്‍ ജയം നേടിയാണ് പാര്‍ലമെന്റില്‍ എത്തിയത്. ഇത്തവണ പ്രചാരണം തുടങ്ങി മുന്നോട്ടുപോകുമ്പോഴാണ് അപ്രതീക്ഷിത ട്വിസ്റ്റ് ഉണ്ടായത്.
വളരെക്കാലമായി യുഡിഎഫിന്റെ പക്കലുള്ള വടകര മണ്ഡലം തിരിച്ചുപിടിക്കുന്നതിനാണ് മുന്‍മന്ത്രി കെ.കെ. ശൈലജയെ സിപിഎം രംഗത്തിറക്കിയിട്ടുള്ളത്. ഒരാഴ്ച മുമ്പുതന്നെ പ്രചാരണം തുടങ്ങിയ അവര്‍ ഏറെ മുന്നേറിക്കഴിഞ്ഞു. സിറ്റിംഗ് എംപിയെന്ന നിലയില്‍ മുരളിയുമായി കനത്തമത്സരമാണ് എല്‍ഡിഎഫ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുരളിയെ വടകരയില്‍നിന്ന് തൃശൂരിലേക്ക് മാറ്റിയതോടെ ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം ഉയര്‍ന്നിട്ടുണ്ട്.
യുവത്വത്തിന്റെ പ്രതീകമെന്ന നിലയിലാണ് ഷാഫിയെ യുഡിഎഫ് വടകരയിലേക്കു കൊണ്ടുവരുന്നത്. സംസ്ഥാനത്ത് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുസ് ലിം വിഭാഗത്തിന് സീറ്റ് എന്ന പരിഗണനയും നല്കി. നാദാപുരം, കുറ്റ്യാടി, തലശേരി മണ്ഡലങ്ങളിലെ മുസ് ലിം വോട്ടുകളും യുഡിഎഫ് ലക്ഷ്യമിടുന്നുണ്ട്.
മുല്ലപ്പള്ളി വന്നിരുന്നുവെങ്കില്‍ മത്സരം കുറേക്കൂടി കനക്കുമെന്ന് കരുതുന്നവരും പൊതുസമൂഹത്തിലുണ്ട്. മുഖ്യശത്രുവായി കരുതുന്ന മുരളിയെ തോല്പിക്കാന് ബിജെപി വോട്ടുകള്‍ മറിയുമെന്ന ചിന്തയാണ് മുരളിയെ തൃശൂരിലേക്കു പോകുന്നതിലേക്ക് നയിച്ച മുഖ്യ ഘടകം. പത്മജയുടെ ബിജെപി പ്രവേശനം ഇതിനു നിമിത്തമാവുകയും ചെയ്തു. നിലവിലുള്ള സീറ്റ് നിലനിര്‍ത്തുകയെന്നതാണ് ഷാഫിക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ എണ്ണം വര്‍ധിപ്പിക്കുന്നതിനു വടകര പോലുള്ള മണ്ഡലങ്ങളില്‍ ജയിച്ചേ തീരു എന്നാണ് സിപിഎമ്മിന്റെ നിലപാട്.