തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബജറ്റിൽ പ്രഖ്യാപിച്ച രണ്ടു ഗഡു ക്ഷാമബത്ത നൽകാൻ സർക്കാർ തീരുമാനിച്ചു. നിലവിലുള്ള 21 ശതമാനം കുടിശികയിൽനിന്നാണ് രണ്ടു ശതമാനം നൽകുക. പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും രണ്ട് ശതമാനം ഉയർത്തും.
ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത ഏഴിൽനിന്ന് ഒൻപതു ശതമാനമായി ഉയർത്തിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും ഇതേനിരക്കിൽ ക്ഷാമ ബത്ത വർധിക്കും. കോളജ് അധ്യാപകർ, എൻജിനിയറിംഗ്- മെഡിക്കൽ കോളജ് തുടങ്ങിയവയിലെ അധ്യാപകരുടെ ക്ഷാമബത്ത 17 ശതമാനത്തിൽനിന്ന് 31 ശതമാനമായി ഉയർത്തി.
വിരമിച്ച അധ്യാപകർക്കും ഇതേ നിരക്കിൽ ക്ഷാമാശ്വാസം ഉയരും. യുജിസി നിരക്ക് അനുസരിച്ചുള്ള ക്ഷാമബത്തയാണ് കോളജ് അധ്യാപകർക്ക് ബാധകമാകുക.
ജൂഡീഷൽ ഓഫീസർമാരുടെ ക്ഷാമബത്ത 38 ശതമാനത്തിൽ നിന്ന് 46 ശതമാനമായി മാറും. വിരമിച്ച ഓഫീസർമാരുടെ ക്ഷാമാശ്വാസ നിരക്കും 46 ശതമാനമാക്കി. ഐഎഎസ്,ഐപിഎസ്, ഐഎഫ്എസ് ഉൾപ്പെടെ ഓൾ ഇന്ത്യ സർവീസ് ഓഫീസർമാർക്ക് ക്ഷാമബത്ത 46 ശതമാനമാകും.
നിലവിൽ 42 ശതമാനമാണ്. കേന്ദ്രസർക്കാർ നാലു ശതമാനം ഡിഎ ഉയർത്തിയ സാഹചര്യത്തിലാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ക്ഷാമബത്തയിലും വർധന വരിക. ഏപ്രിലിൽ ലഭിക്കുന്ന ശന്പളത്തോടൊപ്പം വർധിപ്പിച്ച ക്ഷാമബത്ത നൽകുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം.