കണ്ണൂർ: സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകളെ പരിഗണിച്ചില്ലെന്ന ഷമാ മുഹമ്മദിന്റെ വിമര്‍ശനത്തിനെതിരേ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. ഷമാ മുഹമ്മദ് പാര്‍ട്ടിയുടെ ആരുമല്ലെന്നും വിമര്‍ശനത്തെക്കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്ന് കെ. സുധാകരന് പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകളെ പരിഗണിച്ചില്ലെന്ന ഷമാ മുഹമ്മദിന്റെ വിമർശനത്തിനാണ് സുധാകരന് രൂക്ഷമായി പ്രതികരിച്ചത്. വനിതാ ബിൽ പാസായതിനുശേഷമുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടികയിൽ ഒരു വനിത മാത്രമാണ് ഉള്ളത് എന്നത് സങ്കടകരമായ കാര്യമാണെന്നായിരുന്നു ഷമ പറഞ്ഞത്.
രാഹുൽ ഗാന്ധി എപ്പോഴും സംസാരിക്കുന്നത് സ്ത്രീകൾക്ക് വേണ്ടിയാണ്. എന്നാല്‍ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സ്ത്രീകളെ അവഗണിച്ചു. സംവരണ സീറ്റ് ഇല്ലായിരുന്നെങ്കിൽ രമ്യാ ഹരിദാസിനെയും തഴഞ്ഞേനെയെന്നും ഷമ മുഹമ്മദ് വിമര്‍ശിച്ചു.