ഇന്തോനേഷ്യൻ വിമാനക്കമ്പനിയായ ബാത്തിക് എയറിന്റെ വിമാനം പറത്തുന്നതിനിടെ രണ്ടു പൈലറ്റുമാരും ഉറങ്ങിപ്പോയി. ഇരുവരും 30 മിനിറ്റ് ഉറങ്ങിപ്പോയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്കിടെയാണ് സംഭവം. സഹപൈലറ്റിന് ചുമതല കൈമാറി പ്രധാന പൈലറ്റ് ആദ്യം ഉറങ്ങി. ഈ സമയംതന്നെ സഹപൈലറ്റും ഉറങ്ങിപ്പോകുകയായിരുന്നു.
നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി കമ്മിറ്റിയുടെ (കെഎൻകെടി) പ്രാഥമിക റിപ്പോർട്ട് പ്രകാരം ജനുവരി 25ന് സൗത്ത് ഈസ്റ്റ് സുലവേസിയിൽനിന്ന് ഇന്തോനേഷ്യയുടെ തലസ്ഥാന നഗരിയായ ജക്കാർത്തയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. 153 യാത്രക്കാരും നാല് ഫ്ലൈറ്റ് അറ്റൻഡന്റുമാരും വിമാനത്തിലുണ്ടായിരുന്നു.
കോ-പൈലറ്റിന്റെ അവസാനത്തെ ട്രാൻസ്മിഷൻ ലഭിച്ച് കഴിഞ്ഞ് 12 മിനിറ്റിനുള്ളിൽ വിമാനവുമായി ബന്ധപ്പെടാൻ ജക്കാർത്ത ഏരിയ കൺട്രോൾ സെന്റര്‍ ശ്രമിച്ചെങ്കിലും രണ്ട് പൈലറ്റുമാരുടെയും പ്രതികരണം ലഭിക്കാതെ വരികയായിരുന്നു. ഏകദേശം 28 മിനിറ്റിനുശേഷം പൈലറ്റ്-ഇൻ-കമാൻഡ് ഉണർന്നു.
വിമാനം ശരിയായ റൂട്ടിൽ അല്ലെന്ന് മനസിലാക്കി. തുടർന്ന് അദ്ദേഹം രണ്ടാമത്തെ കമാൻഡിനെ ഉണർത്തുകയും എസിസിയോട് പ്രതികരിക്കുകയും ചെയ്തു. വിമാനം ഒടുവിൽ സുരക്ഷിതമായിത്തന്നെ ഇറങ്ങി. വിഷയത്തില്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.