ആലുവ: ജോലിക്കായി ഏജൻ സി വഴി പണം നല്കി, ലിത്വാനിയയിലെത്തിയ ഇരുപതോളം യുവാക്കൾ അവിടെ കുടുങ്ങിയ സംഭവത്തിൽ പരാതി നൽകിയിട്ടും കേസെടുക്കാതെ പോലീസ്. പോലീസിലെ എൻആർ ഐ വിഭാഗത്തിന് പരാതി ഈ മെയിലിൽ അയച്ച് രണ്ടാഴ്ചയായിട്ടും യാതൊരു മറുപടിയും ലഭിച്ചിട്ടില്ല.
ജില്ലാ ആശുപത്രി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്കൈ മെട്രോ എന്ന സ്ഥാപനം വഴി ലിത്വാനയിലേക്ക് പോയവരാണ് കുടുങ്ങിക്കിടക്കുന്നത്. മൂന്ന് ലക്ഷം രൂപ ഏജൻസിക്ക് കൊടുത്താണ് ഇലക്ട്രീഷൻ, വെൽഡിംഗ് ജോലികൾക്കായി എല്ലാവരും ലിത്വാനിയയിൽ എത്തിയത്. എന്നാൽ ആദ്യം ജോലി കിട്ടിയെങ്കിലും മൂന്നാം ദിവസം പിരിച്ചുവിട്ടു.
പിന്നീട് ജോലിയില്ലാതെ കുടുങ്ങിയിരിക്കുന്നതായാണ് പരാതി. മൂന്ന് ലക്ഷം രൂപ വാങ്ങിയെങ്കിലും ഒരു ലക്ഷം രൂപയുടെ രസീതേ നൽകിയുള്ളൂവെന്നും പരാതിയിൽ പറയുന്നു.
ജെ ടി കൺസ്ട്രക്ഷൻസ് എന്ന പേരിലാണ് അപേക്ഷകരെ ലിത്വാനിയിലേക്ക് അയച്ചത്. പരാതികൾ പെരുകിയപ്പോൾ സ്കൈ മെട്രോ എന്ന് സ്ഥാപനം പേര് മാറ്റുകയായിരുന്നു. എന്നാൽ ജോലി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടില്ലെന്നും സ്വന്തം നിലയ്ക്ക് കഴിവ് തെളിയിച്ച് ജോലി സമ്പാദിക്കേണ്ടതാണെന്നും സ്കൈ മെട്രോ അധികൃതർ അറിയിച്ചു.