തലശേരി: കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ കെ. സുധാകരനെതിരേ കണ്ണൂർ ലോക്സഭാ സീറ്റിൽ മത്സരത്തിനില്ല. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ ഇടപെടലുകളെ തുടർന്നാണ് മമ്പറം ദിവാകരൻ നിലപാട് മാറ്റിയത്. ദിവാകരനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുമെന്ന് കെപിസിസി നേതൃത്വം വ്യക്തമാക്കി.
രണ്ട് വർഷത്തിനും മൂന്ന് മാസത്തിനും ശേഷമാണു മമ്പറം ദിവാകരന് കോൺഗ്രസിലേക്ക് തിരിച്ചു വരാനുള്ള പാത ഒരുങ്ങുന്നത്. കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം ദിവാകരൻ പ്രഖ്യാപിച്ചിരുന്നു.
തുടർന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കെ. പ്രമോദ്, സുദീപ് ജയിംസ് തുടങ്ങിയ നേതാക്കൾ മമ്പറം ദിവാകരനെ വീട്ടിലെത്തി കണ്ട് സംസാരിച്ചു. കെപിസിസി ജനറൽ സെക്രട്ടറി നിയാസ്, എം.എം. ഹസൻ, കെ.സി. വേണുഗോപാൽ എന്നിവർ ദിവാകരനുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. തുടർന്നാണ് ദിവാകരൻ നിലപാട് മാറ്റിയത്.
തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഉൾപ്പെടെയുടെ സഹകരണ സ്ഥാപനങ്ങൾ പടുത്തുയർത്തുകയും ഇന്നത്തെ ഡിസിസി ഓഫീസ് നിർമാണത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തിട്ടുള്ള ദിവാകരനെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പാർട്ടിയിൽനിന്നു പുറത്താക്കിയത്.
പതിറ്റാണ്ടുകൾക്ക് മുമ്പ് കെ. സുധാകരനെ ഡിസിസി പ്രസിഡന്റ് പദവിയിലെത്തിക്കാൻ ചുക്കാൻ പിടിച്ച മമ്പറം ദിവാകരൻ കണ്ണൂർ കോൺഗ്രസിലെ കരുത്തനായ നേതാവായാണ് അറിയപ്പെട്ടിരുന്നത്. കെപിസിസി അംഗം, ഡിസിസി സെക്രട്ടറി, ജില്ലാ ബാങ്ക് പ്രസിഡന്റ് തുടങ്ങിനിരവധി പദവികൾ വഹിച്ചു. മമ്പറത്തെ സ്വാഗതംചെയ്തുകൊണ്ടുള്ള കുറിപ്പുകളും ചിത്രങ്ങളും നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
നവാസ് മേത്തർ