തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ കുടിശികയിൽ ഒരു മാസത്തെ പണം അനുവദിച്ച് ധനവകുപ്പ്. മാര്‍ച്ച് 15 മുതൽ ഒരു മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഒരു ഗഡു വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
ഏപ്രിൽ മുതൽ പെൻഷൻ വിതരണം കൃത്യമായി നടക്കും. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ടു വഴി പണം ലഭ്യമാക്കും. മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.
കേരളത്തിനുള്ള നികുതി വിഹിതം കേന്ദ്രം നിഷേധിച്ചു. അർഹതപ്പെട്ട തുക കടമെടുക്കൽ പരിധി വെട്ടിക്കുറച്ചും കേരളത്തെ ഞെരുക്കുകയാണ് കേന്ദ്രം. സംസ്ഥാനം സുപ്രീംകോടതിയിൽ ഹർജി കൊടുത്തതിന്റെ പേരിൽ സാമ്പത്തിക വർഷാവസാനം എടുക്കാനാകുന്ന വായ്പയ്ക്കും കേന്ദ്രം തടസമുണ്ടാക്കുന്ന സ്ഥിതിയുണ്ടായി.
എന്നിട്ടും ക്ഷേമ പെൻഷൻ അടക്കം ജനങ്ങൾക്ക് ആശ്വാസകരമായ പ്രവർത്തനങ്ങളുമായാണ് സംസ്ഥാനം മുന്നോട്ടുപോകുന്നതെന്നും മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.