കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ട് ടീമുകൾ തമ്മിലുള്ള ക്ലാസിക് പോരാട്ടം നാളെ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ. ഇന്ത്യൻ ക്ലബ് ഫുട്ബോളിന്റെ പാരന്പര്യ ശക്തികളായ മോഹൻ ബഗാൻ സൂപ്പർ ജയന്റും ആരാധകരുടെ പിന്തുണയാൽ ലോകശ്രദ്ധ നേടിയ കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് കൊച്ചി ക്ലാസിക്കൊ അരങ്ങേറുന്നത്.
ഈ സീസണിൽ ഇരുടീമും ആദ്യം ഏറ്റുമുട്ടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് 1-0ന് ജയം സ്വന്തമാക്കിയിരുന്നു. കോൽക്കത്തയിൽ വച്ച് നടന്ന ആ മത്സരത്തിൽ ദിമിത്രിയോസ് ഡയമാന്റകോസ് ഒന്പതാം മിനിറ്റിൽ നേടിയ ഗോളിലായിരുന്നു കൊന്പന്മാരുടെ ജയം. ഡിസംബർ 27ന് നടന്ന ആ മത്സരത്തിനുശേഷം മോഹൻ ബഗാന്റെ കുതിപ്പാണ് ഐഎസ്എല്ലിൽ കണ്ടത്, ബ്ലാസ്റ്റേഴ്സിന്റെ കിതപ്പും.
ബ്ലാസ്റ്റേഴ്സ് മോശം
2024 കലണ്ടർ വർഷം കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് മോശമാണെന്നതാണ് വാസ്തവം. 2024ൽ ഇതുവരെ വെറും രണ്ട് ജയം മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തമാക്കാൻ സാധിച്ചത്. അതിൽ ഒരെണ്ണം സൂപ്പർ കപ്പിൽ ഐ ലീഗ് ക്ലബ്ബായ ഷില്ലോംഗ് ലാജോംഗിന് എതിരേ 3-1ന് നേkeടിയതും മറ്റൊന്ന് ഐഎസ്എല്ലിൽ എഫ്സി ഗോവയെ 4-2ന് ഫെബ്രുവരി 25ന് കൊച്ചിൽ കീഴടക്കിയതുമാണ്. ബാക്കി ഈ വർഷം കളിച്ച ആറ് മത്സരത്തിലും ബ്ലാസ്റ്റേഴ്സ് തോറ്റു. അതിൽ നാല് തോൽവി ഐഎസ്എല്ലിലാണ്.
2023 കലണ്ടർ വർഷം തീർന്നപ്പോൾ ഐഎസ്എൽ പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്സായിരുന്നു ഒന്നാം സ്ഥാനത്ത്. നിലവിൽ 17 മത്സരങ്ങളിൽ 29 പോയിന്റുമായി അഞ്ചാമതാണ്. പ്ലേ ഓഫ് ടിക്കറ്റ് സ്വന്തമാക്കുക എന്നതാണ് കൊച്ചി ടീമിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളി.
കടം തീർക്കാനുണ്ട്
കഴിഞ്ഞ സീസണിൽ മോഹൻ ബഗാനെതിരേ കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ് ദയനീയ തോൽവി വഴങ്ങിയിരുന്നു. 5-2ന്റെ ആധികാരിക ജയത്തോടെയാണ് ബഗാൻ അന്ന് കൊച്ചിവിട്ടത്. ആർത്തുവിളിച്ച ബ്ലാസ്റ്റേഴ്സ് ആരാധകരോട് മിണ്ടരുതെന്ന ബഗാൻ താരം ലിസ്റ്റണ് കൊളാക്കോ ആവശ്യപ്പെട്ടതുൾപ്പെടെയുള്ള കണക്ക് തീർക്കാനുണ്ട്. എന്നാൽ, 17 മത്സരങ്ങളിൽ 36 പോയിന്റുമായി ലീഗിന്റെ തലപ്പത്തേക്ക് കുതിച്ചെത്തിയ മോഹൻ ബഗാനെ പൂട്ടാൻ ബ്ലാസ്റ്റേഴ്സിനു സാധിക്കുമോ എന്നു കണ്ടറിയണം.
2023-24 സീസണിനു മുന്പ് ബ്ലാസ്റ്റേഴ്സിൽനിന്ന് മോഹൻ ബഗാനിലേക്ക് ചേക്കേറിയ മലയാളി താരം സഹൽ അബ്ദുൾ സമദ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തിരിച്ചെത്തുന്ന മത്സരംകൂടിയാണ് നാളെ നടക്കാനിരിക്കുന്നത്.