അടൂർ: ജോലി സംബന്ധമായ മാനസിക സമ്മർദത്തിലായിരുന്ന വില്ലേജ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കടമ്പനാട് വില്ലേജ് ഓഫീസർ പള്ളിക്കൽ പയ്യനല്ലൂർ ഇളംപള്ളിൽ കൊച്ചുതുണ്ടിൽ മനോജിനെ(47)യാണ് ഇന്നലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ജോലി സംബന്ധമായി വഴിവിട്ട പല സമ്മർദങ്ങൾക്കും കൂട്ടുനിൽക്കാത്തതാണ് മനോജിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഭരണകക്ഷിയിലെ പ്രമുഖ പാർട്ടിയുടെ നേതാവ് മനോജിനെ പലതവണ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.
ഇന്നലെ രാവിലെ അധ്യാപികയായ ഭാര്യ സുധീന സ്കൂളിലേക്ക് പോയശേഷമാണ് കിടപ്പുമുറിയുടെ വാതിൽ അകത്തുനിന്നും പൂട്ടിയശേഷം മനോജ് ഫാനിൽ തൂങ്ങിയത്. സർട്ടിഫിക്കറ്റുകൾക്കായിട്ടുള്ള ജോലികൾ തീർക്കാനുണ്ടെന്നും ലാപ്ടോപ്പിൽ വർക്കുകൾ ചെയ്യാനുണ്ടെന്നും ഭാര്യയോട് രാവിലെ പറഞ്ഞിരുന്നു.
കടമ്പനാട് വില്ലേജിൽ അമിതമായ ജോലിഭാരമാണ് മനോജ് നേരിടേണ്ടി വന്നിരുന്നതെന്നും ദിനംപ്രതി വിവിധ സർട്ടിഫിക്കറ്റുകൾക്കായി നൂറുകണക്കിന് അപേക്ഷകൾ ഉണ്ടാകുമെന്നും ഇതിനാൽ രാത്രി വൈകിയും പുലർച്ചെയുമൊക്കെ ജോലി ചെയ്യാറുണ്ടെന്നും വീട്ടുകാർ പറഞ്ഞു.
ഇന്നലെ രാവിലെ ഓഫീസിലെ ഒരു സഹപ്രവർത്തകനെ വിളിച്ച് ഓഫീസിൽ വരാൻ വൈകുമെന്നും സർക്കാരിലേക്ക് അടയ്ക്കാനുള്ള തുക ഗൂഗിൾ പേ ചെയ്യാമെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ നാലിന് മനോജ് മറ്റൊരു സഹപ്രവർത്തകന് അയച്ച വാട്സാപ്പ് സന്ദേശത്തിൽ താൻ നേരിടുന്ന മാനസിക സമ്മർദങ്ങളെ സംബന്ധിച്ച് പറഞ്ഞിരുന്നു.
കടമ്പനാട് വില്ലേജ് ഓഫീസിൽ നടക്കുന്ന രാഷ്ട്രീയ ഭീഷണികൾ ഉദ്യോഗസ്ഥരെ ഇതിനും മുന്പും സമ്മർദങ്ങളിലാക്കുന്നതായി പരാതികൾ ഉണ്ടായിട്ടുണ്ട്.ഭാര്യ: സുധീന (ഗവ. എൽപിഎസ് സ്കൂൾ നടുവിലെ മുറി, ശൂരനാട്). മകൾ: അമേയ (ഗവ. ഹൈസ്കൂൾ, പയ്യനല്ലൂർ).