എല്ലാ ജീവികളും വസിക്കുന്നത് ആഹാരശൃംഖലയുടെ അടിസ്ഥാനത്തിലാണ്. ചെറിയ ജീവികളെ വലിയ ജീവികൾ ഭക്ഷണമാക്കുന്നു. അവയെ അതിനേക്കാൾ വലിയ ജീവികൾ ഭക്ഷിക്കുന്നു, എന്തിനേറെ മരിച്ച് മണ്ണടിയുന്പോൾ പോലും നമ്മൾ മറ്റുള്ളവർക്ക് ഭക്ഷണമാകുന്നു.
അതുപോലെ മീനുകളെ കഴിക്കുന്നവരാണ് കൊക്കുകളും, പൊൻമാനും, പരുന്തുമെല്ലാം. വേലിയേറ്റ സമയത്ത് കരയിലേക്ക് അടിഞ്ഞ മീനിനെ തിന്നാനെത്തിയ കൊക്കിന്റെ വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. പാതി കരയിലും പാതി വെള്ളത്തിലുമായി ജീവനുവേണ്ടി പിടയുന്ന മീനിനെ ആണ് ആദ്യം വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മീനിനെ കണ്ട ഒരു പക്ഷി ശരവേഗത്തിൽ എത്തി അതിനെ തിന്നാനായി നിൽക്കുന്നു. എന്നാൽ പെട്ടെന്ന് തന്നെ ആ പക്ഷിയുടെ കാലുകൾക്ക് സമീപമായി മറ്റൊരു മീൻ നിന്തി എത്തുന്പോൾ ജീവനു വേണ്ടി പിടയുന്ന ചെറു മത്സ്യത്തെ ഉപേക്ഷിച്ച് രണ്ടാമതെത്തിയ മീനിനെ തിന്നാനായി അത് പോയി.
ആ സമയം ഒരു കാക്ക അവിടേക്ക് പറന്നെത്തുന്നു. കാക്കയും പിടയുന്ന മീനിന്റെ പക്കലെത്തുന്നു. എന്നാൽ കാക്കയും തിന്നാതെ അവിടെ നിന്നും പിൻമാറുന്നു. അപ്പോഴാണ് ഒരു കൊക്ക് അങ്ങോട്ടേക്ക് പാഞ്ഞെത്തിയത്. പിടക്കുന്ന മീനിനെ തന്റെ ചുണ്ടുകൊണ്ട് കടിച്ചെടുത്തു കൊക്ക് തല ഉയർത്തി. ഇപ്പോൾ തന്നെ മീനിനെ ശാപ്പാടാക്കുമെന്ന് കാഴ്ചക്കാരന് തോന്നും. എന്നാൽ മൃഗങ്ങൾക്കും പക്ഷികൾക്കുമുള്ളിലും നന്മയുടെ കണികയുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന തരത്തിൽ കൊക്ക് പ്രവർത്തിക്കുന്നു. കൊക്ക് ആ ചെറു മീനിനെയും കൊണ്ട് കുറച്ചു കൂടി വെള്ളമുള്ളസ്ഥലത്തേക്ക് എത്തി അതിനെ അവിടെ ഒഴുക്കി വിടുന്നു. ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ പ്രാണരക്ഷാർഥം മീൻ ഒഴുകി ദൂരേക്ക് പോകുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.