വൈക്കം: വീടിന്റെ ഓടു പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 70 പവന് സ്വര്‍ണവും ഡയമണ്ടുകളും കവർന്നു. വൈക്കം നഗരസഭ ഒന്‍പതാം വാര്‍ഡ് ആറാട്ടുകുളങ്ങര- ചുടുകാട് റോഡിൽ തെക്കേനാവള്ളില്‍ എന്‍.പുരുഷോത്തമന് നായരുടെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രിയിലാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്.
റിട്ടയേഡ് കെഎസ്ആർടിസി ജീവനക്കാരനാണ് പുരുഷോത്തമന് നായർ. പുരുഷോത്തമൻ നായരും ഭാര്യ ഹൈമവതിയും മകള്‍ ദേവീപാര്വതിയും തിങ്കളാഴ്ച രാത്രി 8.30 ഓടെ വീട് പൂട്ടി ചികിത്സാ ആവശ്യത്തിന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയിരുന്നു. സ്വന്തം കാറിൽ പരിചയക്കാരനായ ഡ്രൈവർ രാജേഷിനെ കൂട്ടിയാണ് പോയത്. വീട്ടുകാരെ ആശുപത്രിയിലാക്കിയ ശേഷം രാജേഷ് തിരികെ വാഹനം വീട്ടില്‍ കൊണ്ടുവന്നിട്ടു.
ഉച്ചകഴിഞ്ഞ് ഡ്രൈവർ കാറുമെടുത്ത് ആശുപത്രിയിലെത്തി 3.30ഓടെ ഇവരെ തിരികെ വീട്ടിലെത്തിച്ചപ്പോഴാണ് മോഷണ വിവരമറിയുന്നത്. പുറത്തുനിന്ന് കതകിന്റെ പൂട്ടുതുറക്കാന്‍ നോക്കിയപ്പോള്‍ പൂട്ട് തുറക്കാനായില്ല. കതക് അകത്തുനിന്ന് കുറ്റിയിട്ടിരിക്കുകയായിരുന്നു.
സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ അടുക്കള വാതിൽ തകർത്ത നിലയിൽ കണ്ടതോടെ മോഷണം നടന്നതായി മനസിലായി. അകത്തുകയറി നോക്കിയപ്പോൾ വീടിന്റെ പിൻഭാഗത്തെ ഓടിളക്കി മച്ചു തകർത്ത് മോഷ്ടാക്കൾ അകത്തു കടന്നതായി കാണുകയായിരുന്നു.
വീട്ടിലെ നാലു മുറികളിലെയും അലമാരകളിലുണ്ടായിരുന്ന ബാഗുകളും വസ്ത്രങ്ങളുമൊക്കെ വാരി വലിച്ചിട്ട നിലയി ലായിരുന്നു. വീടിന്റെ സമീപത്തുണ്ടായിരുന്ന ഏണി ഭിത്തിയില്‍ ചാരിവച്ച നിലയിലും പോലീസ് കണ്ടെത്തി.
വിരലടയാളവിദഗ്ധര്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. വൈക്കം ഡിവൈഎസ്പി ഇമ്മാനുവല്‍ പോള്‍, എസ്എച്ച്ഒഎസ്. ദ്വിജേഷ്, എസ്ഐ എസ്. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. പോലീസ് സമീപ പ്രദേശങ്ങളിലെ സിസിടിവി കാമറകളും പരിശോധിക്കുന്നുണ്ട്.