പ്രസവിക്കുന്നതും കുട്ടികളെ വളർത്തുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും കുഞ്ഞുങ്ങൾക്കു ജന്മം നൽകുന്നതു വലിയ വരദാനമായി കാണുന്നവരാണു സ്ത്രീകൾ ഏറെയും. എന്നാൽ, പ്രസവിക്കണമെങ്കിൽ ഭർത്താവ് രണ്ടു കോടി രൂപയും വില കൂടിയ സമ്മാനങ്ങളും നൽകണമെന്നടക്കമുള്ള നിബന്ധനകൾ വച്ചിരിക്കുകയാണു ദുബായിലെ ഒരു കോടീശ്വരന്റെ ഭാര്യ.
ജമാൽ എന്ന കോടീശ്വരനും അദ്ദേഹത്തിന്റെ ഭാര്യ സൗദിയും ഒരു കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ഗർഭിണിയാകും മുൻപു ചില കാര്യങ്ങൾ ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നതായി സൗദിതന്നെയാണു വെളിപ്പെടുത്തിയിരിക്കുന്നത്. ഗർഭിണിയാകുമ്പോൾ തന്റെ ശരീരം വളരെയധികം വേദനകളിലൂടെ കടന്നുപോകേണ്ടി വരുമെന്നും അത്രയും വേദന സൗജന്യമായി അനുഭവിക്കാൻ താൻ ഒരുക്കമല്ലെന്നും ചൂണ്ടിക്കാട്ടിയാണു ഭർത്താവിനോട് ആവശ്യങ്ങൾ ഉന്നയിച്ചത്.
സ്റ്റാറ്റസ് സിംബലായി ലോകം മുഴുവൻ കാണുന്ന ലക്ഷങ്ങൾ വില വരുന്ന ബർക്കിൻ ബാഗ് ആണ് അതിൽ ഒന്നാമത്തേത്. ആൺകുഞ്ഞാണെങ്കിൽ നീലനിറമുള്ള ബാഗ് ആയിരിക്കണം. പെൺകുഞ്ഞാണെങ്കിൽ പിങ്കു നിറവും. പ്രസവസമയത്ത് ഒരു മേക്കപ്പ് ആൻഡ് ഹെയർ ടീം സമീപമുണ്ടായിരിക്കണമെന്നതാണു മറ്റൊരു ആവശ്യം.
തീർന്നില്ല, ഒരു കാർ സമ്മാനമായി വേണം. കുഞ്ഞുണ്ടായി കുറച്ചു ദിവസത്തിനുള്ളിൽ 1000 -2000 പേരെങ്കിലും സന്ദർശനത്തിനായി ഉണ്ടാകും. അവർക്കായി വിഐപി റൂമുകൾ ബുക്ക് ചെയ്യണം. തെറാപ്പി സെഷൻ, ഫിസിയോ തെറാപ്പി, പേഴ്സൺ ട്രെയിനിംഗ്, കുഞ്ഞിന് മസാജ് എന്നിവയെല്ലാം വേണം. ഭർത്താവിന്റെ ക്രെഡിറ്റ് കാർഡ് തനിക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഉപയോഗിക്കാൻ സാധിക്കണം. വീട്ടിലെ ജോലിക്കാരുടെ എണ്ണം ഇരട്ടിയാക്കണം. ഇതിനെല്ലാം പുറമേയാണു കുഞ്ഞ് ഒന്നിനു രണ്ടു കോടി രൂപ.
മനഃസുഖത്തിലിരിക്കുകയും നല്ലപോലെ ഉറങ്ങുകയും മറ്റും ചെയ്താലേ തനിക്കു നല്ലൊരു അമ്മയും ഭാര്യയും ആയിരിക്കാൻ സാധിക്കൂവെന്നും അതുകൊണ്ടാണ് ഇവയൊക്കെ ആവശ്യപ്പെടുന്നതെന്നും യുവതി പറയുന്നു. സോഷ്യൽ മീഡിയയിൽ സജീവയായ സൗദിക്ക് അനേകം ഫോളോവേഴ്സുണ്ട്. ആഡംബരപൂർണമായ ജീവിതം നയിക്കുന്ന യുവതി ഒരുദിവസത്തെ ഷോപ്പിംഗിന് 70 ലക്ഷം രൂപയൊക്കെയാണു ചെലവഴിക്കാറുള്ളത്.