തിരുവനന്തപുരം: കനത്ത വേനലിൽ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടിയതോടെ കെഎസ്ഇബി കടുത്ത പ്രതിസന്ധിയിലേക്ക് പോകുകയാണെന്ന് വിലയിരുത്തൽ. വൈദ്യുതി ഉപയോഗം കൂടുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. നാളെയാണ് യോഗം.
പീക്ക് സമയങ്ങളിൽ 5000 മെഗാവാട്ട് വൈദ്യുതി ഉപയോഗമാണ് പ്രതിദിനം ഉണ്ടായിരുന്നത്. ഇപ്പോൾ ഉപയോഗം 5031 മെഗാവാട്ട് വരെ കൂടിയതാണ് കെഎസ്ഇബിയെ ആശങ്കയിലാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതികൊണ്ടു മാത്രം കാര്യങ്ങൾ ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്.
നേരത്തെ കുറഞ്ഞ നിരക്കിൽ ദീർഘകാല കരാറിന്റെ അടിസ്ഥാനത്തിൽ വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിരുന്നത് സർക്കാർ റദ്ദാക്കിയിരുന്നു. പിന്നീട് നടപടി പുനഃസ്ഥാപിച്ചെങ്കിലും കരാർ കന്പനികൾ സഹകരിക്കാത്തതും കെഎസ്ഇബിയെ ബാധിച്ചിട്ടുണ്ട്.
വൈദ്യുതി ഉപയോഗം വീണ്ടും കൂടിയാൽ സംസ്ഥാനത്ത് വൈദ്യുതി ലഭിക്കാത്ത സാഹചര്യം ഉണ്ടായേക്കും. കെഎസ്ഇബിക്ക് ഉണ്ടാകുന്ന സാന്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർചാർജോ ചാർജ് വർധനയോ ഉപയോക്താക്കളിൽനിന്ന് ഈടാക്കേണ്ട സാഹചര്യവും വന്നു ചേരാനിടയുണ്ട്.