ന്യൂഡൽഹി: നിയമപഠനത്തിൽ അമേരിക്കയിൽനിന്നു സ്കോളർഷിപ്പ് നേടിയ സുപ്രീംകോടതി കാന്റീനിലെ പാചകക്കാരന്റെ മകളെ ആദരിച്ച് ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡും ജഡ്ജിമാരും.
പാചകക്കാരനായ അജയ് കുമാർ സാമാലിന്റെ മകൾ പ്രഗ്യയെയാണ് ഇന്നലെ രാവിലെ കോടതി നടപടികൾ ആരംഭിക്കുന്നതിനു മുന്പ് ജഡ്ജസ് ലോഞ്ചിൽ നടന്ന ചടങ്ങിൽ ആദരിച്ചത്.
കലിഫോർണിയ യൂണിവേഴ്സിറ്റിയിലോ മിഷിഗൺ യൂണിവേഴ്സിറ്റിയിലോ നിയമത്തിൽ മാസ്റ്റേഴ്സിനു പഠിക്കാനാണു പ്രഗ്യയ്ക്കു സ്കോളർഷിപ്പ് ലഭിച്ചത്. ചീഫ് ജസ്റ്റീസും ജഡ്ജിമാരും ഒപ്പിട്ട ഇന്ത്യൻ ഭരണഘടനയെക്കുറിച്ചുള്ള വിവിധ ഗ്രന്ഥങ്ങൾ പ്രഗ്യയ്ക്ക് സമ്മാനിച്ചു.
സ്വന്തം നിലയ്ക്കാണു പ്രഗ്യ ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നതെന്നും അവൾ ആഗ്രഹിക്കുന്നതെല്ലാം നൽകുന്നുവെന്ന കാര്യം ഉറപ്പുവരുത്തുമെന്നും രാജ്യത്തെ സേവിക്കാൻ അവൾ തിരിച്ചുവരണമെന്നാണ് ആഗ്രഹമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
പ്രഗ്യയുടെ മാതാപിതാക്കളെ ചീഫ് ജസ്റ്റീസ് ഷാളണിയിച്ച് ആദരിക്കുകയും ചെയ്തു. തനിക്ക് എല്ലാം മാതാപിതാക്കളാണെന്നും അവരാണ് തന്റെ ഉയർച്ചയ്ക്കു പിന്നിലെന്നും പറഞ്ഞ പ്രഗ്യ, നിയമപഠനരംഗത്തേക്ക് കടന്നുവരാൻ തനിക്കു പ്രേരണയായത് ചീഫ് ജസ്റ്റീസ് ചന്ദ്രചൂഡാണെന്നും പറഞ്ഞു.