കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഏഴ് ഗോൾ പിറന്ന സൂപ്പർ ത്രില്ലർ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. മികച്ച പ്രകടനം കാഴ്ചവച്ച ബ്ലാസ്റ്റേഴ്സ് മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് മോഹൻ ബഗാനോട് പരാജയപ്പെട്ടത്.
സന്ദർശകർക്കായി അർമാൻഡോ സാദിക്കുവും (4’, 60’) ദീപക് തിങ്റിയും (68’) ജാസൻ കമ്മിംഗ്സും (90+7’) ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്സിനായി മലയാളിതാരം വിപിൻ മോഹനും (54) ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമാന്റകോസും (63, 90+8’) വല കുലുക്കി.
ജയത്തോടെ 39 പോയിന്റുമായി ബഗാൻ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. തോൽവിയാണെങ്കിലും ബ്ലാസ്റ്റേഴ്സ് ഇപ്പോഴും അഞ്ചാം സ്ഥാനത്ത് ഭദ്രമാണ്. കൊച്ചി ടീമിന് ഇനി ലീഗ് റൗണ്ടിൽ ശേഷിക്കുന്നത് നാല് മത്സരമാണ്. ഇനിയുള്ള നാല് കളികളിൽ ഒരു ജയവും ഒരു സമനിലയും ഉണ്ടെങ്കിൽ മഞ്ഞപ്പടയക്ക് പ്ലേ ഓഫ് കളിക്കാം. ഈ മാസം 30ന് ജംഷഡ്പുരിനെതിരേ അവരുടെ നാട്ടിലാണ് മഞ്ഞപ്പടയുടെ അടുത്ത കളി.
ഹോർമിപാം-നവോച്ച സിംഗ് സഖ്യത്തെ പിൻവലിച്ച് മോഹൻ ബഗാനിൽ ഏറെകാലം പന്തു തട്ടിയ പ്രബീർ ദാസ് - പ്രീതം കോട്ടാൽ കൂട്ടുകെട്ടിനെ പ്രതിരോധത്തിലിറക്കിയാണ് കോച്ച് ഇവാൻ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനെ കളത്തിലിറക്കിയത്. മറുവശത്ത് ബ്ലാസ്റ്റേഴ്സിൽ നിന്നും മോഹൻ ബഗാനിലെത്തിയ മലയാളി താരം സഹൽ അബ്ദുൾ സമദിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി. മോഹൻ ബഗാനിലെത്തിയ ശേഷമുള്ള സഹലിന്റെ കൊച്ചിയിലെ ആദ്യമത്സരമായിരുന്നു.
മോഹൻ ബഗാന്റെ മുന്നേറ്റത്തോടെ ആരംഭിച്ച മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് നാലാം മിനിറ്റിൽത്തന്നെ ആദ്യ ഗോൾ പിറന്നു. അർമാൻഡോ സാദിക്കുവിനെ മാർക്ക് ചെയ്യുന്നതിൽ പറ്റിയ വീഴ്ചയാണ് ഗോളിൽ കലാശിച്ചത്. ഗോൾ മടക്കാനുള്ള ശ്രമവുമായി ഉണർന്നു കളിച്ച ബ്ലാസ്റ്റേഴ്സ്, നായകൻ ദിമിത്രിയോസ് ഡയമാന്റകോസിലൂടെയായിരുന്നു ബഗാൻ പോസ്റ്റിലേക്ക് ആദ്യമായി ഉന്നംവച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ ബ്ലാസ്റ്റേഴ്സിന് ഒരു ഗോളഅവസരം ലഭിച്ചെങ്കിലും മുതലാക്കാൻ സാധിച്ചില്ല. 48-ാം മിനിറ്റിൽ ദിമിത്രിയോസിന്റെ അസിസ്റ്റിൽ ഫെഡോർ ബോക്സിനു പുറത്തുനിന്നു തൊടുത്ത ഷോട്ട് ഗോളി തടഞ്ഞിട്ടു.
54-ാം മിനിറ്റിൽ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് മറുപടി ഗോൾ നേടി. കെ.പി. രാഹിൽ നൽകിയ പാസ് ബോക്സിന് നടുക്ക് നിന്ന് പായിച്ച വിബിൻ മോഹനന്റെ ഷോട്ട് തടയാൻ മോഹൻ ബഗാന്റെ ഗോളി വിശാൽ കെയ്ത്തിന് സാധിച്ചില്ല. 60 മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് മോഹൻ ബഗാന്റെ രണ്ടാം ഗോൾ.
ഫ്രീകിക്കിൽ നിന്ന് തട്ടിതെറിച്ചുവന്ന പന്ത് വലയിലാക്കി അർമാൻഡോ വീണ്ടും സന്ദർശകരെ മുന്നിലെത്തിച്ചു. തോൽവി മുന്നിൽകണ്ട് നിശബ്ദമായ ആരാധകകൂട്ടത്തിന് ജീവശ്വാസം നൽകി നായകൻ ദിമിത്രിയോസിലൂടെ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു. എന്നാൽ, 68-ാം മിനിറ്റിൽ വീണുകിട്ടിയ കോർണർ കിക്കിൽനിന്ന് ഗോൾ നേടി വീണ്ടും ബഗാൻ ആധിപത്യം.
ഇഞ്ചുറി ടൈമിൽ മോഹൻ ബഗാന്റെ നാലാം ഗോൾ നേട്ടം. ജസൻ കമ്മിംഗ്സ് ബോക്സിന് നടുവിൽ നിന്നും പായിച്ച ഷോട്ട് നേരേ വലയിലെത്തുകയായിരുന്നു. തുടർന്ന് ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തു നിന്നുണ്ടായ മികച്ച മുന്നേറ്റത്തിൽ ഡയമാന്റകോസ് ഗോൾ നേടി ആരാധകരെ ആശ്വസിപ്പിച്ചു. ഇമ്മാനുവൽ നൽകിയ പന്ത് ഹെഡറിലൂടെ ഡയമാന്റകോസ് മോഹൻ ബഗാന്റെ വലയിലെത്തിക്കുകയായിരുന്നു.
വി.ആർ. ശ്രീജിത്ത്