കൊല്ലം: കേരളത്തിൽ നിന്ന് ബിഹാറിലേക്ക് ഹോളി സ്പെഷൽ സർവീസ് നടത്താൻ റെയിൽവേ ബോർഡ് തീരുമാനം. കൊച്ചുവേളി-ദാനാപുർ (പറ്റ്ന)-കൊച്ചുവേളി റൂട്ടിൽ പ്രതിവാര എക്സ്പ്രസ് ട്രെയിൻ ഓടിക്കാനാണ് ദക്ഷിണ റെയിൽവേക്ക് അനുമതി നൽകിയിട്ടുള്ളത്.
സംസ്ഥാനത്തുള്ള ഉത്തരേന്ത്യൻ സ്വദേശികളെ ഉദ്ദേശിച്ചാണ് ഈ വണ്ടി സർവീസ് നടത്താൻ റെയിൽവേ ബോർഡ് തീരുമാനിച്ചത്.ഇരു റൂട്ടുകളിലും മൂന്നു വീതം ആകെ ആറ് സർവീസുകളാണ് നിലവിൽ നിശ്ചയിച്ചിട്ടുള്ളത്.
യാത്രക്കാർ പ്രതീക്ഷിച്ചതിലും അധികം ഉണ്ടെങ്കിൽ കൂടുതൽ സർവീസുകൾ നടത്താനും റെയിൽവേ ആലോചിക്കുന്നുണ്ട്. കൊച്ചുവേളി-ദാനാപുർ സർവീസ് (06183) കൊച്ചുവേളിയിൽ നിന്ന് 19, 26, ഏപ്രിൽ രണ്ട് തീയതികളിൽ രാവിലെ 4.15 ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ പത്തിന് ദാനാപുരിൽ എത്തും.
06184 ദാനാപുർ കൊച്ചുവേളി സർവീസ് ദാനാപുരിൽ നിന്ന് 22, 29, ഏപ്രിൽ അഞ്ച് തീയതികളിൽ രാത്രി 10.25 ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 7.30ന് കൊച്ചുവേളിയിൽ എത്തും. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിൽ അനുവദിച്ചിട്ടുള്ള സ്റ്റോപ്പുകൾ.
സ്ലീപ്പർ കോച്ചുകൾ 20 എണ്ണം ഉണ്ടാകും. അംഗ പരിമിതർക്കാർ രണ്ട് സെക്കന്റ് ക്ലാസ് കോച്ചുകളും ഉണ്ടാകും. എസി കോച്ചുകൾ ഉൾപ്പെടുത്തിയിട്ടില്ല. മുൻകൂർ റിസർവേഷൻ ആരംഭിച്ചതായി ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.
എസ്.ആർ. സുധീർ കുമാർ