പാലക്കാട്: എക്സൈസ് ഓഫീസിനുള്ളിലെ ലോക്കപ്പില്‍ പ്രതി തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശി ഷോജോ ജോൺ (55)ആണ് മരിച്ചത്. ഇന്നുരാവിലെ ഏഴിന് പാലക്കാട് എക്സൈസ് റേഞ്ച് ഓഫീസിലാണ് ഷോജോയെ ഉടുമുണ്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നു ഭാര്യ ജ്യോതി ആരോപിച്ചു.
ഇന്നലെ വൈകിട്ടാണ് ഷോജോയെ പാലക്കാട് കാടാങ്ങോടുള്ള വീട്ടിൽനിന്നും എക്സൈസ് പിടികൂടിയത്. വീട്ടിൽനിന്നും രണ്ട് കിലോ ഹാഷിഷ് ഓയിലും കണ്ടെടുത്തിരുന്നു. ഇടുക്കി സ്വദേശിയായ ഷോജോ കുറെ നാളുകളായി പാലക്കാടാണ് താമസിക്കുന്നത്.
ഡ്രൈവറായ ഇയാൾ കൂടുതലും തമിഴ്നാട്ടിലാണ് വാഹനം ഓടിച്ചിരുന്നത്. ഇയാൾ ഇതിനുമുന്‍പ് ഇത്തരം കേസിൽ പെട്ടിട്ടില്ല. ആരോ ഇയാളെ കുടുക്കിയതാണെന്നും എക്സൈസ് സംഘം മർദിച്ചശേഷം കെട്ടിത്തൂക്കിയതാണെന്നും ഭാര്യ ജ്യോതി ആരോപിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. ഷോജോയ്ക്ക് മൂന്നു മക്കളുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.