വയനാട്: സിദ്ധാര്‍ഥന്റെ മരണത്തിന് മുമ്പും പൂക്കോട് വെറ്റിനറി കോളജിലെ രണ്ട് വിദ്യാര്‍ഥികള്‍ കൂടി ആള്‍ക്കൂട്ട വിചാരണ നേരിട്ടെന്ന് ആന്റി റാഗിംഗ് സ്ക്വാഡിന്റെ കണ്ടെത്തല്‍. രണ്ട് സംഭവങ്ങളിലായി കുറ്റക്കാരെന്ന് കണ്ടെത്തിയ 13 വിദ്യാര്ഥികള്ക്കെതിരേ സസ്പെന്ഷന് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചു.
സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ മൊഴിയെടുത്തപ്പോഴാണ് സമാന ആള്‍ക്കൂട്ട വിചാരണ പുറത്തുവന്നത്. 2019, 2021 ബാച്ചുകളില്‍പ്പെട്ട രണ്ട് വിദ്യാര്‍ഥികള്‍ കൂടി ആള്‍ക്കൂട്ട വിചാരണ നേരിട്ടെന്ന വിവരം ആന്റി റാഗിംഗ് സ്ക്വാഡ് പരിശോധിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുകയായിരുന്നു.
2019 ബാച്ചിലെ വിദ്യാര്‍ഥിയെ മര്‍ദിച്ചവര്‍ പഠനം പൂര്‍ത്തിയാക്കി ഇന്റേണ്‍ഷിപ്പിലാണ്. ഇവരില്‍ നാല് പേര്‍ക്ക് ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് വിലക്ക് ഏര്‍പ്പെടുത്തി. അഞ്ചുപേരുടെ സ്കോളര്‍ഷിപ്പ് റദ്ദാക്കിയിട്ടുണ്ട്.
2021 ബാച്ചിലെ വിദ്യാര്‍ഥിയെ മര്‍ദിച്ച നാലുപേര്‍ക്കെതിരെയും നടപടിയെടുത്തു. രണ്ട് പേര്‍ക്ക് ഒരു വര്‍ഷത്തേക്കാണ് സസ്പെന്ഷന്. മറ്റ് രണ്ട് പേരുടെ സ്കോളര്‍ഷിപ്പ് റദ്ദാക്കി.
പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞായിരുന്നു രണ്ട് തവണയും ആള്‍ക്കൂട്ട വിചാരണ നടന്നത്. എസ്എഫ്ഐ കോളജ് യൂണിയന് മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരാണ് ആള്‍ക്കൂട്ട വിചാരണയില്‍ പ്രതിസ്ഥാനത്തുള്ളത്. ആന്റി റാഗിംഗ് സ്ക്വാഡിന്റെ കണ്ടെത്തല്‍ തുടരന്വേഷണത്തിനായി പൊലീസിന് കൈമാറും.