തിരുവനന്തപുരം: റേഷൻ മസ്റ്ററിംഗ് തത്ക്കാലത്തേക്ക് നിർത്തിവച്ചതായി ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ. സെർവർ തകരാറായതാണ് മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ സെർവറിന്റെ തകരാർ പരിഹരിച്ച ശേഷം തുടർ നടപടി സ്വീകരിക്കും. മസ്റ്ററിംഗിന് തീരുമാനിച്ച ഇന്ന് റേഷൻ കടകളിൽ അരിവിതരണം നിർത്തിവയ്ക്കാൻ നിർദേശം നൽകിയെങ്കിലും ചിലർ അത് പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കാണ് റേഷൻ മസ്റ്ററിംഗിന് ഭക്ഷ്യവകുപ്പ് നിർദേശം നൽകിയിരുന്നത്. ഇന്ന് രാവിലെ മുതൽ ആയിരകണക്കിന് ആളുകളാണ് മസ്റ്ററിംഗ് നടത്താൻ റേഷൻകടകൾക്ക് മുന്നിൽ ക്യൂ നിന്നത്. സെർവർ തകരാറായതിനെത്തുടർന്ന് വന്നവർ മടങ്ങുകയായിരുന്നു.