പാലപ്പിള്ളി (തൃശൂർ) : ജനവാസമേഖലയില്‍ ഭീതിപരത്തി കാട്ടാനക്കൂട്ടങ്ങള്‍. മേഖലയില്‍ 75 ഓളം ആനകളാണ് വിവിധയിടങ്ങളിലായി തമ്പടിച്ചിരിക്കുന്നത്. കാരികുളത്തും പത്തുകുളങ്ങരയിലും പിള്ളതോടിന് സമീപവും എലിക്കോടും കാട്ടാനക്കൂട്ടം ഇറങ്ങിയിരിക്കുന്നത്. കാരികുളത്ത് ഇറങ്ങിയ കാട്ടാനകള്‍ ജനവാസമേഖലയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.
കാരികുളം ബംഗ്ലാവിന് സമീപം ഇറങ്ങിയ 15ഓളം കാട്ടാനകളില്‍ നാലെണ്ണം വനമേഖലയിലേക്ക് കയറിപ്പോകാതെ ജനവാസമേഖലയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. കുട്ടിയടക്കം ഉള്ള കാട്ടാനകള്‍ ആണ് വനത്തിലേക്ക് കയറിപ്പോകാതെ ഭീതിപരത്തി ജനവാസമേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ആനകളെ കാടുകയറ്റാന്‍ നാട്ടുകാരും വനപാലകരും ശ്രമിക്കുന്നുണ്ടെങ്കിലും ആനകള്‍ ജനവാസമേഖലയില്‍ തുടരുകയാണ്.
രാവിലെ പിള്ളത്തോട് പാലത്തിന് സമീപവും കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. ആനക്കൂട്ടം രാവിലെ പിള്ളത്തോട് ഭാഗത്ത് റോഡ് മുറിച്ചുകടന്നാണ് തൊട്ടടുത്ത റബ്ബര്‍ തോട്ടത്തിലേക്ക് പോയത്. ആനകളെ കണ്ട് വഴിയാത്രക്കാരും വാഹനയാത്രികരും മാറിനില്‍ക്കുകയായിരുന്നു.
പത്തുകുളങ്ങരയിലും കാട്ടാനക്കൂട്ടം ഇറങ്ങി ഭീതി പരത്തിയിരുന്നു.
രാത്രി ഇറങ്ങുന്ന കാട്ടാനകള്‍ പുലര്‍ച്ചെ വരെ പലയിടങ്ങളിലും നിലയുറപ്പിച്ച് കൃഷിനാശം വരുത്തിയാണ് റബ്ബര്‍ തോട്ടങ്ങളിലും വനമേഖലയിലും തമ്പടിക്കുന്നത്. ജനവാസ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പതിവായതോടെ നാട്ടുകാര്‍ ഭീതിയിലാണ്.