തിരുവനന്തപുരം: എഐ കാമറ നിയമലംഘന നോട്ടീസിനു പണം വേണമെന്ന് കെൽട്രോണ്‍, നൽകാനാകില്ലെന്ന് സർക്കാർ. നോട്ടീസ് അയയ്ക്കുന്നത് നിർത്തിവയ്ക്കുമെന്ന് കെൽട്രോണ്‍ സർക്കാരിനു രേഖാമൂലം മുന്നറിയിപ്പു നൽകി.
കാമറ വഴിയുള്ള നിയമലംഘനങ്ങൾക്ക് 25 ലക്ഷം നോട്ടീസ് അയച്ച് കഴിഞ്ഞ ശേഷമുള്ള നോട്ടീസുകൾക്കു പണം നൽകണമെന്നാണ് കെൽട്രോണിന്റെ നിലപാട്. അല്ലെങ്കിൽ തുടർന്നുള്ള നിയമലംഘനങ്ങൾക്കു നോട്ടീസ് അയക്കില്ലെന്നാണ് സർക്കാരിനെ ധരിപ്പിച്ചിരിക്കുന്നത്.
നിലവിൽ ഇതുവരെ 25 ലക്ഷം നോട്ടീസ് വാഹന ഉടമകൾക്ക് കെൽട്രോണ്‍ നൽകിയെന്നാണ് അവകാശപ്പെടുന്നത്. തുടർന്നു നൽകുന്ന നോട്ടീസ് ഒന്നിന് 20 രൂപ വീതം നൽകണം. ഈ വ്യവസ്ഥയാണ് സർക്കാർ അംഗീകരിക്കാൻ തയാറാകാത്തത്.
എഐ കാമറ സ്ഥാപിക്കുന്ന ഘട്ടത്തിൽ 25 ലക്ഷം നോട്ടീസ് നൽകുമെന്നും തുടർന്നുള്ള സേവനങ്ങൾക്ക് ഫീസ് നൽകണമെന്നുമായിരുന്നു കെൽട്രോണും ഗതാഗത കമ്മീഷണറും തമ്മിലുണ്ടാക്കിയ കരാറിലെ വ്യവസ്ഥ. 2023 ജൂണ്‍ മുതലാണ് എഐ കാമറ വഴിയുള്ള നിയമലംഘനത്തിന് നോട്ടീസ് നൽകി തുടങ്ങിയത്.
46 ലക്ഷം നിയമലംഘനങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 250 കോടി രൂപ പിഴയിനത്തിൽ അടയ്ക്കാനുള്ള നോട്ടീസാണ് കെൽട്രോണ്‍ സർക്കാരിനു വേണ്ടി വാഹന ഉടമകൾക്ക് അയച്ചത്. ഇതിൽ 52 കോടി രൂപ പിഴയിനത്തിൽ പിരിഞ്ഞു കിട്ടിയിട്ടുണ്ട്.
കെൽട്രോണിന് നോട്ടീസ് അയയ്ക്കാൻ പണം കൊടുത്തില്ലെങ്കിൽ പിഴ തിരിച്ചടവിൽ ഗണ്യമായ കുറവുവരാൻ ഇടയാക്കുമെന്നാണ് മോട്ടോർ വാഹന അധികൃതർ വ്യക്തമാക്കുന്നത്. എസ്എംഎസ് സംവിധാനത്തിലൂടെ നിയമലംഘനം അറിയിച്ചാൽ അതു പിഴപിരിയ്ക്കുന്ന കാര്യത്തിൽ ഫലപ്രദമാകാൻ സാധ്യത കുറവാണെന്നും അഭിപ്രായമുണ്ട്.
അതേ സമയം കാമറ സ്ഥാപിച്ച വകയിൽ സർക്കാർ കെൽട്രോണിന് കോടികണക്കിനു രൂപ നൽകാനുണ്ട്, ഈ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഒരു ഗഡു തുക മാത്രമാണ് കെൽട്രോണിനു ഫലത്തിൽ സർക്കാരിൽനിന്നു ലഭിച്ചിട്ടുള്ളു.