പത്തനംതിട്ട: മോദിയുടെ വീടാണ് ഭാരതം. ബിജെപിയുടെ ഒരു സാധാരണ പ്രവർത്തകയായി പ്രവർത്തിക്കാനാണു താത്പര്യമെന്ന് പദ്മജ വേണുഗോപാൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും എൻഡിഎ നേട്ടം കൊയ്യുമെന്നും അവർ കൂട്ടിച്ചേർത്തു. പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു പദ്മജ.
യോഗത്തില്‍ പദ്മജയ്ക്ക് മുന്‍നിരയിലാണ് ഇരിപ്പിടം ഒരുക്കിയിരുന്നത്. സ്ത്രീകൾക്ക് അർഹിക്കുന്ന പരിഗണന നൽകുന്ന പാർട്ടിയാണ് ബിജെപിയെന്നും മോദി തന്നെ ആകർഷിച്ചുവെന്നും അതിനാൽ ബിജെപിയിൽ ചേർന്നുവെന്നും പദ്മജ കൂട്ടിച്ചേർത്തു.
പ്രവർത്തിക്കാൻ ഒരു അവസരം മാത്രം ചോദിച്ചാണ് ബിജെപിയിൽ വന്നത്. ഒരു സ്ഥാനവും വേണ്ട. നിങ്ങളുടെ പദ്മേച്ചിയാണ് താനെന്നും പദ്മജ പറഞ്ഞു. കോൺഗ്രസിനും സിപിഎമ്മിനും നല്ല നേതാക്കളില്ല. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എഐസിസി ആസ്ഥാനം അടച്ചു പൂട്ടേണ്ടി വരും. ചവിട്ടും കുത്തും അപമാനവും സഹിച്ചാണ് കോൺഗ്രസിൽനിന്നതെന്നും പദ്മജ പറഞ്ഞു.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വരും. കരുണാകരന്റെ മകൾ എന്ന രീതിയിലാണ് ഇക്കാര്യം പറയുന്നത്. കെ. കരുണാകരന്റെ മകൾ ആയതിനാൽ കോണ്‍ഗ്രസിന്റെ പരിപാടികളില്‍ ഒരു മൂലയിൽ ആയിരുന്നു സ്ഥാനം. കരുണാകരന്റെ മകളെ കോൺഗ്രസിന് വേണ്ട. അത് കെ. മുരളീധരന് മനസിലാകുമെന്നും പദ്മജ കൂട്ടിച്ചേർത്തു.