ചാത്തന്നൂർ: കെഎസ്ആർടിസിയുടെ മുൻ സിഎംഡിയായിരുന്ന ബിജു പ്രഭാകർ നടപ്പാക്കിയ ഭരണപരിഷ്കാരങ്ങൾ പുതിയ വകുപ്പുമന്ത്രിയുടെ നേതൃത്വത്തിൽ പൊളിച്ചടുക്കുന്നു. തൊഴിലാളികളുടെ എതിർപ്പുപോലും അവഗണിച്ചായിരുന്നു ഭരണപരിഷ്കാരങ്ങൾ. അതിൽ ഏറ്റവും പ്രധാനമായിരുന്നു യൂണിറ്റ് ഓഫീസുകൾ നിർത്തലാക്കി കേന്ദ്രീകൃത ജില്ലാ ഓഫീസ് സംവിധാനവും ബസുകളുടെ കോമൺ പൂൾ സംവിധാനവും ജില്ലാ വർക്ക് ഷോപ്പും.
ഭരണനിർവഹണ സൗകര്യത്തിനെന്ന കാരണത്താലാണ് യൂണിറ്റ് ഓഫീസുകൾ നിർത്തലാക്കി ജില്ലാ ഓഫീസുകൾ രുപീകരിച്ചത്. എന്നാൽ ജില്ലാ ഓഫീസുകളുടെ പ്രവർത്തനം ഉടൻ പ്രാബല്യത്തിൽ നിർത്തലാക്കാനും യൂണിറ്റ് ഓഫീസുകളുടെ പ്രവർത്തനം പഴയ കാലത്തെപ്പോലെ പുനഃസ്ഥാപിക്കാനും ഇപ്പോഴത്തെ സിഎംഡി പ്രമോജ്ശങ്കർ ഇന്നലെ ഉത്തരവിറക്കി. ജില്ലാ ഓഫീസുകളിൽനിന്നു ജീവനക്കാരെ യൂണിറ്റ് ഓഫീസുകളിലേക്ക് ഉടൻ പുനർവിന്യസിക്കാൻ ജില്ലാ ഓഫീസർമാർക്കു നിർദേശം നല്കിയിട്ടുണ്ട്.
യൂണിറ്റ് ഓഫീസുകളിൽ ആവശ്യമായ കമ്പ്യൂട്ടർ, അനുബന്ധ ഉപകരണങ്ങൾ എന്നിവ ഉടൻ സ്ഥാപിക്കണം. യൂണിറ്റ് ഓഫീസുകൾ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ അടിയന്തര സിവിൽ വർക്കുകൾ ചെയ്യാനും യൂണിറ്റ് ഓഫീസുകൾ പൂർണമായും സജ്ജമാക്കാനും ജീവനക്കാരുടെ സേവനപുസ്തകം, സ്ഥാവരജംഗമ വസ്തുക്കൾ എന്നിവ യൂണിറ്റുകളിലേക്കു മാറ്റാനും നടപടികൾ 31നു മുമ്പു പൂർത്തിയാക്കാനുമാണു നിർദേശം.
യൂണിറ്റ് തലത്തിൽ പ്രവർത്തിച്ചിരുന്നവർക്ക് ഷോപ്പുകൾ നിർത്തലാക്കി ജില്ലാ വർക്ക് ഷോപ്പ് എന്ന ആശയം നടപ്പാക്കിയിരുന്നു. ജില്ലാവർക്ക് ഷോപ്പ് സംവിധാനം അവസാനിപ്പിച്ച് യൂണിറ്റ് തലവന്മാർക്ക് ഷോപ്പുകൾ സജീവമാക്കാനും ഡിസിപി (ജില്ലാ കോമൺ പൂൾ) കൾ നിർത്തലാക്കാനും ക്ലസ്റ്റർ സംവിധാനം അവസാനിപ്പിക്കാനും അടുത്ത ദിവസങ്ങളിൽ തന്നെ ഉത്തരവിറങ്ങുമെന്നാണ് അറിയുന്നത്. കെഎസ്ആർടിസിയെ ലാഭകരമാക്കുവാൻ,സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇടക്കാലത്തെ ഭരണപരിഷ്കാരങ്ങൾ. അത് തിരുത്തുകയാണ് കെഎസ്ആർടിസിയുടെ പുതിയ ഭരണനേതൃത്വം.