ചെന്നൈ: തെരഞ്ഞെടുപ്പിന് മുമ്പ് അന്താരാഷ്ട്ര മുരുകൻ ഫെസ്റ്റിനൊരുങ്ങി ഡിഎംകെ. ലോകമെമ്പാടുമുള്ള എല്ലാ മുരുക ഭക്തരെയും ഉൾപ്പെടുത്തിക്കൊണ്ട് ജൂൺ-ജൂലൈ മാസങ്ങളിലായിരിക്കും ഫെസ്റ്റ് നടത്തുക. മുരുകനെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധങ്ങളും, പ്രദർശനങ്ങളും, കോൺക്ലേവുകളും ഫെസ്റ്റിൽ സംഘടിപ്പിക്കും.
ഫെസ്റ്റിന്റെ പ്രധാന കേന്ദ്രമായി തിരിചെന്ദൂർ മുരുകൻ കോവിൽ മാറ്റുമെന്നും ഇതിനായി 300 കോടി ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചിട്ടുണ്ടെന്നും ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ്സ് മന്ത്രി പി.കെ ശേഖര്‍ ബാബു പറഞ്ഞു. ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതിന് പിന്നില്‍ യാതൊരു രാഷ്ട്രീയവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മുരുകൻ ഫെസ്റ്റ് നടത്താനുള്ള തീരുമാനത്തിനെതിരേ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി. “കേന്ദ്രത്തിൽ നിന്നുള്ള പദ്ധതികളെ സ്റ്റിക്കർ മാറ്റി ഡിഎംകെ പദ്ധതികളാക്കുകയായിരുന്നു അവർ ആദ്യം ചെയ്തിരുന്നത്. ഇപ്പോൾ അവർ ഞങ്ങളുടെ പ്രത്യയശാസ്ത്രങ്ങൾ പകർത്തി രാഷ്ട്രീയത്തിലും ഉപയോഗിക്കുന്നു എന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ആർ ശ്രീനിവാസൻ പറഞ്ഞു. തമിഴ്നാട്ടില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന ദൈവമല്ല മുരുകന്. ലോകമെമ്പാടുമുള്ളവര്‍ മുരുകനെ ആരാധിക്കുന്നുണ്ട്. ഡിഎംകെയുടെ ഇത്തരം തന്ത്രങ്ങളില്‍ തമിഴ് ജനത വീഴില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.