എട്ടു കണ്ണുകളുള്ള ജീവിയെപ്പറ്റി ഇതുവരെ ആരും കേട്ടിട്ടുണ്ടാവില്ല? എന്നാൽ അങ്ങനെയുള്ള ജീവികളെയും ഭൂമുഖത്തു കണ്ടെത്തി. എട്ടു കണ്ണ് മാത്രമല്ല, എട്ടു കാലുകളുമുള്ള വിചിത്രമായ തേളുകളെയാണു തായ്ലൻഡിലെ കെയ്ംഗ് ക്രചൻ ദേശീയ ഉദ്യാനത്തിൽ ഗവേഷകർ കണ്ടെത്തിയത്.
തേളിന് ദേശീയ ഉദ്യാനത്തിന്റെ പേര് ചേർത്തു ഗവേഷകർ നാമകരണവും നടത്തി “യൂസ്കോർപിയോപ്സ് ക്രചൻ’. ഉദ്യാനത്തിലെ ടെനാസെരിം പർവതനിരയ്ക്കു സമീപം ക്യാമ്പ് ചെയ്യുന്നതിനിടെയാണു ഗവേഷകർ പുതിയയിനം തേളുകളെ കണ്ടെത്തിയത്.
തവിട്ടുനിറമാണ് ഇവയ്ക്കുള്ളത്. പെൺജാതിക്ക് അൽപ്പം ഇരുണ്ടനിറമാണ്. യൂസ്കോർപിയോപ്സ് ഉപജാതിയിലെ ഇരപിടിത്തശൈലിയാണ് പുതുതായി കണ്ടെത്തിയ തേളുകൾക്കുമുള്ളത്. പതുങ്ങിയിരുന്നാണ് ഇവ ഇരപിടിക്കുന്നത്.
പാറയുടെ വിള്ളലുകളിലാണ് ഇവയുടെ വാസം. തായ്ലൻഡിലെ വിവിധയിനം തേളുകളെക്കുറിച്ച് ഇനിയും വിശദമായ പഠനങ്ങൾ നടത്താനുണ്ടെന്നു ഗവേഷകർ പറയുന്നു.