അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിക്കുള്ളില്‍ കുരങ്ങന്റെ കുസൃതികാട്ടല് രോഗികളെ ആശങ്കയിലാക്കുന്നു. മാസങ്ങളായി ആശുപത്രി കെട്ടിടങ്ങളിലും പരിസര പ്രദേശങ്ങളിലൂടെയും ഓടിച്ചാടി നടന്നിരുന്ന വാനരവീരന് ആശുപത്രിയില്‍ എത്തുന്നവര്‍ക്കും പരിസരവാസികള്‍ക്കും കൗതുകക്കാഴ്ചയായിരുന്നു.
ഇടയ്ക്കിടെ വിരുന്നുകാരനായി വണ്ടാനം സന്ദര്‍ശിക്കാറുള്ള വാനരന് കഴിഞ്ഞ കുറച്ചുദിവസമായി ആശുപത്രിയിലും പരിസരത്തും തമ്പടിച്ചിരിക്കുകയാണ്. കോഫി സ്റ്റാളുകളുടെ സമീപത്ത് തണല്മരങ്ങളില് കയറിയിരുന്നാണ് കുസൃതികാട്ടുന്നത്. സ്റ്റാളില്‍ എത്തുന്നവരില്‍ ചിലര്‍ ചെറുകടികള്‍ വാങ്ങിക്കൊടുത്താല്‍ വിനയത്തോടെ കൈനീട്ടി വാങ്ങും.
കൊടുത്തില്ലെങ്കില്‍ തട്ടിയെടുക്കാനും മടിയില്ല. കഴിഞ്ഞദിവസം സുരക്ഷാജീവനക്കാരന്റെ മോബൈല്‍ഫോണ്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞ സംഭവവുമുണ്ട്. ജീവനക്കാരുടെ വിശ്രമമുറിയില്‍ ജനലിനരുകില്നിന്നാണ് മൊബൈല്‍ തട്ടിയെടുത്തു കടന്നത്. പിന്നാലെ എത്തിയതോടെ മൊബൈല്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
എന്നാല്‍, ഇപ്പോള്‍ വാനരന് ആശുപത്രിക്കുള്ളിലും കുസൃതികാട്ടാന്‍ തുടങ്ങി. വെള്ളിയാഴ്ച ഉച്ചയോടെ ന്യൂറോ സര്‍ജറി വിഭാഗം വാര്‍ഡിലേക്കുള്ള കവാടത്തിനു മുന്നില്‍ കുത്തിയിരുന്നു സുരക്ഷ സ്വയം ഏറ്റെടുത്തായിരുന്നു കുറുമ്പ് കാട്ടിയത്. അതുവഴി കടന്നുപോകുന്നവരുടെ പൊതിതട്ടിയെടുക്കാന് ശ്രമിച്ചത് രോഗികളുടെ കൂട്ടിരിപ്പുകാരെ ആശങ്കപ്പെടുത്തി.
അക്രമസ്വഭാവമില്ലെങ്കിലും ഏതെങ്കിലും വിധത്തില്‍ നഖംകൊണ്ടാല് അത് ഗൗരവമായി മാറും. ആശുപത്രിയില്‍ നിന്നു വനപാലകരെ വിവരം അറിയിച്ചാല്‍ അവര്‍ അതിനെ സുരക്ഷിത സ്ഥാനത്തെത്തിക്കും. വാനരന്റെ ഒരു ആക്രമണം ഉണ്ടായതിനുശേഷം നടപടി എടുക്കാനായിരിക്കും അധികൃതര്‍ ശ്രമിക്കുന്നത്.
പതിറ്റാണ്ടുകള്‍ക്കു മുമ്പ് വണ്ടാനത്ത് കുരങ്ങന്മാരെ കൂട്ടത്തോടെ കാണാമായിരുന്നു. വണ്ടാനം കാവിലും കോളജ് പരിസരങ്ങളിലും ക്ഷേത്രവളപ്പിലുമാണ് തമ്പടിച്ചിരുന്നത്. പരിസരത്തെ മരങ്ങളിലെ പഴവര്‍ഗങ്ങളും കശുമാങ്ങയും മറ്റും ഭക്ഷിച്ച് കഴിഞ്ഞിരുന്ന വാനരക്കൂട്ടം പിന്നീട് ഇല്ലാതായി. അതിനുശേഷമാണ് ഒരു കുരങ്ങന് ഇടയ്ക്കിടെ പഴയവാസസ്ഥലം തേടിയെത്തുന്നത്. ഇത് നാട്ടുകാര്‍ കൗതുകത്തോടെയാണ് കാണുന്നത്.