കുമരകം: കുമരകത്തെ പല വാർഡുകളിലും ശുദ്ധജലം ലഭിക്കുന്നില്ലന്ന് ഉപഭോക്താക്കൾ പരാതിപ്പെടുമ്പോൾ പരിഹാരം കാണാൻ കഴിയാതെ വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ ഉറക്കം നടിക്കുകയാണെന്ന് ആരോപണം.
നാല്, എട്ട് വാർഡുകളിലെ ജനങ്ങളുടെ കുടിവെള്ളം മുടങ്ങിയിട്ട് നാളേറെയായി. അറ്റകുറ്റപണികളുടെ പേരിൽ ജല വിതരണം മുടങ്ങുമെന്നു പലപ്പോഴും അറിയിപ്പ് പുറപ്പെടുവിക്കുന്നതല്ലാതെ അറ്റകുറ്റപണിയുടെ ഫലം നാട്ടുകാർക്ക് ലഭിക്കുന്നില്ല. പ്രധാന പൈപ്പ് ലൈനും വിതരണ ലൈനുകളും പൊട്ടി ലക്ഷകണക്കിന് ലിറ്റർ ശുദ്ധജലമാണ് പാഴായിക്കൊണ്ടിരിക്കുന്നത്.
വേനൽ കടുക്കുന്നതിനാൽ വെള്ളത്തിന്റെ ഉപയോഗവും ഏറിയിരിക്കുകയാണ്. ചെങ്ങളം കുന്നുംപുറത്തെ ശുദ്ധീകരണ പ്ലാന്റിൽ നിന്നു പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ നല്ലൊരു പങ്ക് കുമരകത്തെ ഓവർ ഹെ ഡ് ടാങ്കുകളിൽ എത്താതെ പാഴായിപ്പോകുന്നു.
കുമരകം റോഡിൽ ഒന്നാംകലുങ്കിനു സമീപം പ്രധാന പൈപ്പിൽ നിന്നു തരിശുപാടത്തേക്ക് വെള്ളം ഒഴുകി പാഴാകുന്നത് പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. പുത്തൻപള്ളിക്കു സമീപത്തെ തരിശു പാടത്തേക്കും ധാരാളം ശുദ്ധജലമാണ് ഒഴുകിപ്പോകുന്നത്. ഇവിടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്ന വിവരം അധികൃതർ കണ്ടിട്ടും കാണാത്ത മട്ടാണ്.
പ്രധാന ലൈനുകളുടെ അറ്റകുറ്റപ്പണി നടത്താനുള്ള ഉപകരണങ്ങളും സാങ്കേതിക വിദഗ്ദരും കോട്ടയത്തില്ല. എറണാകുളത്തുനിന്ന് ഉപകരണങ്ങളും വിദഗ്ധരും എത്തിയാലെ പൈപ്പിന്റെ ത കരാറുകൾക്ക് പരിഹാരമാ കൂ.