വൈജ്ഞാനിക ആരോഗ്യം വീണ്ടെടുക്കാൻ എന്തൊക്കെ ചെയ്യണം?
മാനസികമായി സജീവമായിരിക്കുക. മാനസികമായി സജീവമായി തുടരുന്നത് ഓർമശക്തിയും ചിന്താശേഷിയും നിലനിർത്താൻ സഹായകം. വായിക്കാം, വേഡ് ഗെയിമുകൾ കളിക്കാം, പുതിയ ഹോബി സ്വീകരിക്കാം, ക്ലാസുകൾ എടുക്കാം അല്ലെങ്കിൽ ഒരു സംഗീത ഉപകരണം വായിക്കാൻ പഠിക്കാം.
സാമൂഹിക കാര്യങ്ങളിൽ വ്യാപൃതരാവുക. ഓർമ നഷ്ടത്തിന് കാരണമാകുന്ന വിഷാദവും സമ്മർദവും ഒഴിവാക്കാൻ സാമൂഹിക ഇടപെടൽ സഹായിക്കുന്നു. പ്രാദേശിക സ്കൂളിൽ ലാഭേച്ഛയില്ലാതെ സന്നദ്ധസേവനം നടത്താം. കുടുംബവുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കാം, അല്ലെങ്കിൽ സാമൂഹിക പരിപാടികളിൽ പങ്കെടുക്കാം.
ഹൃദയ സംബന്ധമായ അസുഖങ്ങൾ ചികിത്സിക്കുക. ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം – ഹൃദയസംബന്ധമായ അപകടസാധ്യതാഘടകങ്ങൾ കൈകാര്യം ചെയ്യാൻ വൈദ്യോപദേശം കൃത്യമായി പാലിക്കുക. പുകവലി ഉപേക്ഷിക്കുന്നത് വൈജ്ഞാനിക ആരോഗ്യത്തെ സഹായിച്ചേക്കാം.
മാനസികാരോഗ്യം ശ്രദ്ധിക്കുക
മാനസികാരോഗ്യം, മൊത്തത്തിലുള്ള ആരോഗ്യത്തിനും ജീവിത നിലവാരത്തിനും അത്യന്താപേക്ഷിതം. നമ്മൾ എങ്ങനെ ചിന്തിക്കുന്നു, അനുഭവപ്പെടുന്നു, പ്രവർത്തിക്കുന്നു, തെരഞ്ഞെടുപ്പുകൾ നടത്തുന്നു, മറ്റുള്ളവരുമായി ബന്ധപ്പെടുന്നു എന്നതി നെയൊക്കെ ഇത് ബാധിക്കുന്നു. സാമൂഹികമായ ഒറ്റപ്പെടൽ, ഏകാന്തത, സമ്മർദം, വിഷാദം, മാനസികാവസ്ഥ എന്നിവ മെഡിക്കൽ, സ്വയം പരിചരണം എന്നിവയിലൂടെ നിയന്ത്രിക്കുന്നത് ആരോഗ്യകരമായ വാർധക്യത്തിന്റെ താക്കോലാണ്.
സാമൂഹിക ഒറ്റപ്പെടലും ഏകാന്തതയും ഒന്നല്ല
ആളുകൾക്ക് പ്രായമാകുമ്പോൾ നേരിടേ ണ്ടിവരുന്ന കേൾവിക്കുറവ്, കാഴ്ചക്കുറവ്, ഓർമക്കുറവ്, വൈകല്യം, ചുറ്റിക്കറങ്ങാനുള്ള ബുദ്ധിമുട്ട്, കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നഷ്ടം തുടങ്ങിയ മാറ്റങ്ങൾ സാമൂഹിക ബന്ധങ്ങൾ നിലനിർത്തുന്നത് ബുദ്ധിമുട്ടാക്കും. ഇത് പ്രായമായവരെ സാമൂഹികമായി ഒറ്റപ്പെടുത്തുന്നതിനോ ഏകാന്തത അനുഭവിക്കുന്നതിനോ ഉള്ള സാധ്യത വർധിപ്പിക്കുന്നു.
ഒരേപോലെ തോന്നുമെങ്കിലും സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും വ്യത്യസ്തമാണ്. ഏകാന്തത എന്നത് തനിച്ചായിരിക്കുമ്പോഴോ വേർപിരിയുമ്പോഴോ ഉള്ള വേദനാജനകമായ വികാരമാണ്.
അതേസമയം സാമൂഹികമായ ഒറ്റപ്പെടൽ എന്നത് സാമൂഹിക സമ്പർക്കങ്ങളുടെ അഭാവവും സ്ഥിരമായി ഇടപഴകാൻ ആളുകൾ കുറയുന്നതുമാണ്. (തുടരും)
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി.