ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ 19 മുതൽ ഏഴുഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. കേരളത്തിൽ രണ്ടാംഘട്ടമായ ഏപ്രിൽ 26നാണ് വോട്ടിംഗ്. ജൂൺ നാലിന് വോട്ടെണ്ണൽ നടക്കും. ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിച്ചു.
ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിൽ മേയ് 13നും അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിൽ ഏപ്രിൽ 19നുമാണ് വോട്ടെടുപ്പ്. ജൂൺ 4ന് ഫലം പ്രഖ്യാപിക്കും.
ഡൽഹി വിജ്ഞാൻ ഭവനിലെ വാർത്താസമ്മളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തീയതികൾ പ്രഖ്യാപിച്ചത്. കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു എന്നിവരും പങ്കെടുത്തു.
543 ലോക്സഭാ മണ്ഡലങ്ങളിലാണു തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 96.8 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതിൽ 49.7 കോടി പുരുഷ വോട്ടർമാരും 47.1 കോടി സ്ത്രീവോട്ടർമാരുമാണുള്ളത്. 48,000 ട്രാൻസ്ജെൻഡർ വോട്ടർമാരും ഇത്തവണയുണ്ട്. 19.75 കോടി പേർ യുവ വോട്ടർമാരാണ്.
1.8 കോടി കന്നി വോട്ടർമാരാണ് ഇത്തവണ പോളിംഗ് ബൂത്തുകളിലേക്കെത്തുന്നത്. ഇവരിൽ 85 ലക്ഷം സ്ത്രീ വോട്ടർമാരാണ്. 10.5 ലക്ഷം പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്.
ബൂത്തുകളിൽ എല്ലാവിധ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. കുടിവെള്ളം, ശൗചാലയം, വീൽചെയർ, മെഡിക്കൽ സൗകര്യങ്ങൾ തുടങ്ങിയവ പോളിംഗ് ബൂത്തുകളിൽ സജ്ജമാക്കും. രാജ്യത്തെ 85 വയസിനു മുകളിലുള്ള വോട്ടർമാർക്കും 40 ശതമാനത്തിലേറെ വൈകല്യമുള്ളവർക്കും വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യവും ഇത്തവണ ഒരുക്കിയിട്ടുണ്ട്.
എല്ലാ ജില്ലകളിലും സുരക്ഷയ്ക്കായി 24×7 കൺട്രോൾ റൂമും നെറ്റ്വർക്ക് ചെക്ക്പോസ്റ്റുകളും സ്ഥാപിക്കും. അതിർത്തികളിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കും. പ്രശ്നസാധ്യത ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തും. കെവൈസി ആപ്പിലൂടെ സ്ഥാനാർഥികളുടെ വിവരങ്ങൾ ലഭ്യമാക്കും. ക്രിമിനൽ കേസുകളുടെ വിവരങ്ങളടക്കം ലഭ്യമാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.