ടെൽ അവീവ്: മനുഷ്യത്വത്തിന്റെ പേരിൽ ഇനി റഫയിൽ ആക്രമണം നടത്തരുതെന്ന് ഇസ്രയേലിനോട് അഭ്യർഥനയുമായി ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്.
“റഫയ്ക്കെതിരായ ആക്രമണവുമായി മുന്നോട്ട് പോകാനുള്ള ഇസ്രായേലി പദ്ധതിയെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ എനിക്ക് കടുത്ത ആശങ്കയുണ്ട്. ജനസാന്ദ്രതയുള്ള ഈ പ്രദേശത്ത് അക്രമം കൂടുതൽ വർധിക്കുന്നത് കൂടുതൽ മരണങ്ങൾക്കും കഷ്ടപ്പാടുകൾക്കും ഇടയാക്കും” ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എക്സിൽ കുറിച്ചു.
മനുഷ്യത്വത്തിന്റെ പേരിൽ, ആക്രമണവുമായി മുന്നോട്ട് പോകരുതെന്നും പകരം സമാധാനത്തിനായി പ്രവർത്തിക്കണമെന്നും ഞങ്ങൾ ഇസ്രായേലിനോട് അഭ്യർഥിക്കുന്നു. ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് ഇസ്രായേൽ സൈന്യം ഒഴിപ്പിക്കൽ നടപടി ചെയ്യുന്നത് പ്രായോഗിക പരിഹാരമല്ല. റഫയിലെ 1.2 ദശലക്ഷം ആളുകൾക്ക് സുരക്ഷിതമായി മാറാൻ ഒരിടവുമില്ല.
അതേസമയം, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന്റെ “റഫയിലെ നടപടിക്കുള്ള പദ്ധതികൾ” അംഗീകരിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ ഐക്യരാഷ്ട്രസഭയും അമേരിക്കയും ഇത്തരം സൈനിക നടപടിക്കെതിരെ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒക്ടോബർ ഏഴിന് ഇസ്ലാമിസ്റ്റ് ഭീകരർ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഹമാസിനെ നശിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത് നെതന്യാഹു യുദ്ധം തുടരുമെന്ന് ആഴ്ചകളായി ആവർത്തിക്കുകയാണ്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 31,553 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.