പാലക്കാട്: പെൻഷൻകാരുടെ യോഗം എന്ന വ്യാജേന എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരിപാടിയിൽ വയോജനങ്ങളെ പങ്കെടുപ്പിക്കുന്നതിനു ശ്രമം. പാലക്കാട് കാവിൽപാടിലാണ് പെൻഷൻകാരുടെ യോഗം എന്ന പേരിൽ ഇടതുപക്ഷ സ്ഥാനാർഥിയുടെ പ്രചരണ പരിപാടി സംഘടിപ്പിക്കാൻ ശ്രമിച്ചത്.
പെൻഷൻ കൈപ്പറ്റാൻ ആധാറും പെൻഷൻ ലിസ്റ്റും കൊണ്ടുവരാൻ വയോധികരോട് സിപിഎം പ്രവർത്തകർ നിർദേശിച്ചു. ഇതിൻ പ്രകാരം പരിപാടിയിൽ പങ്കെടുക്കുന്നതിനായി ജോലി സ്ഥലത്തുനിന്നുവരെ വയോജനങ്ങൾ അവിടേക്ക് എത്തി.
എന്നാൽ അവിടെ വന്നപ്പോഴാണ് തെരഞ്ഞെടുപ്പ് പ്രചരണം ആണ് നടക്കുന്നതെന്ന് മനസിലായത്. ഉടൻതന്നെ വയോജനങ്ങൾ അവിടെ നിന്നിറങ്ങുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. എന്നാൽ ഇത് പാർട്ടി പരിപാടി അല്ലായിരുന്നുവെന്നാണ് സിപിഎം നൽകുന്ന വിശദീകരണം. പെൻഷൻ വിശദീകരണയോഗമാണ് നടത്തുന്നതെന്നും സിപിഎം വ്യക്തമാക്കി.