വന്ന് വന്ന് ദൈവത്തിന് പോലും സുരക്ഷ ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ. ആരാധനാലയങ്ങളെ ലക്ഷ്യം വച്ച് മോഷണം നടത്തുന്ന കള്ളന്മാർ നിരവധിയാണ്. ഇത്തരത്തിൽ ക്ഷേത്രത്തിൽ കയറി പ്രാർഥന നടത്തുകയും പിന്നാലെ മോഷണം നടത്തുകയും ചെയ്യുന്ന ഒരു മോഷ്ടാവ് പോലീസ് പിടിയിലായ വാർത്തയാണ് ഒടുവിലായി പുറത്തുവന്നത്. ജയ്പൂരിലാണ് സംഭവം.
മറ്റ് കള്ളന്മാരിൽ നിന്ന് വ്യത്യസ്തമായി ക്ഷേത്രത്തിൽ കയറി പ്രാർഥന നടത്തുകയും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുകയും ചെയ്യലാണ് ഇയാളുടെ മോഷണ രീതി. ആൽവാറിലെ ആദർശ് നഗറിലെ ക്ഷേത്രത്തിലെത്തിയ ശർമ്മ പ്രാർഥിക്കുകയും ഒടുവിൽ സംഭാവന പെട്ടിയിൽ നിന്ന് പണം കവരുകയുമായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
ക്ഷേത്രത്തിൻ്റെ പൂട്ട് തകർത്ത് വെള്ളിയാഭരണങ്ങൾ, കുടകൾ, വഴിപാട് പെട്ടിയിലെ പണം എന്നിവയും ഇയാൾ മോഷ്ടിച്ചു. മോഷണത്തിനിടെ ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
തുടർന്ന് ചോദ്യം ചെയ്യലിൽ താൻ നിരവധി ക്ഷേത്രങ്ങളിൽ സമാനമായ രീതിയിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് ഇയാൾ സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഗോപേഷ് ശര്‍മ്മ ക്ഷേത്രങ്ങൾ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് പോലീസ് കണ്ടെത്തി. ക്ഷേത്രങ്ങൾ പരിശോധിച്ചതിന് പിന്നാലെ പൂജാരി രാത്രി പോയതിനുശേഷം, വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കലാണ് ഇയാളുടെ രീതി. അതേസമയം, ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പഴയ കേസുകൾ അന്വേഷിച്ച് വരികയാണ് പോലീസ്.