അടൂര്‍: കടമ്പനാട് വില്ലേജ് ഓഫീസര്‍ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ അടൂര്‍ ആര്‍ഡിഒയെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി. വില്ലേജ് ഓഫീസറായിരുന്ന അടൂര്‍ ഇളംപള്ളില്‍ പയ്യനല്ലൂര്‍ കൊച്ചുതുണ്ടില്‍ മനോജാണ് (47) വീടുനുള്ളിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ചത്. കഴിഞ്ഞ 11-നായിരുന്നു സംഭവം.
അമിത ജോലിഭാരവും മാനസികസമ്മര്‍ദവും രാഷ്ട്രീയ ഇടപെടലുകളും മൂലമുള്ള മാനസിക സംഘര്‍ഷവുമാണ് മനോജിനെ ആത്മഹത്യ ചെയ്യുവാന്‍ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
മനോജിനെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ സംബന്ധിച്ച് സമഗ്രവും കാര്യക്ഷമവുമായ അന്വേഷണം ആവശ്യപ്പെട്ട് അടൂര്‍ താലൂക്കിലെ 12 വില്ലേജ് ഓഫീസര്‍മാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. ഇതേത്തുടര്‍ന്നാണ് വിഷയം ആര്‍ഡിഒ അന്വേഷിക്കുന്നത്. പരാതി പോലീസ് അന്വേഷണത്തിനായി എസ്പിക്കും കൈമാറിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന് വില്ലേജ് ഓഫീസര്‍ മനോജിന്റെ വീട് സന്ദര്‍ശിച്ചു. ഭാര്യയോടും മകളോടും സംസാരിച്ച ശേഷം മനോജിന്റെ സഹോദന് ഉള്‍പ്പെടെയുള്ള ബന്ധുക്കളോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.