ഇടുക്കി: യുഡിഎഫ് എന്നത് ദുര്‍ബലമായ സംവിധാനം, ഭരണമുള്ളപ്പോഴും ഇല്ലാത്തപ്പോഴും എല്ലാക്കാലത്തും സജീവമായി മുന്നോട്ട് വന്നിട്ടുള്ളത് എല്‍ഡിഎഫ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്.
തങ്ങള്‍ ജനങ്ങളുടെ ചെലവില്‍ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. ജനങ്ങളില്‍ നിന്നാണ് സംഭാവന വാങ്ങാറുള്ളത്. എന്നാല്‍ ബിജെപിയും കോണ്‍ഗ്രസും മുതലാളിമാരുടെ കാശ് വാങ്ങിയാണ് പണിയെടുക്കുന്നത്.
വന്യജീവി പ്രശ്നത്തിലും ഇടപെട്ടിട്ടുള്ളത് സിപിഎം ആണ്. ഇനിയുമത് തുടരും. തെരഞ്ഞെടുപ്പില്‍ സമദൂരം എന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിലപാട് ഗുണമാവുക എല്‍ഡിഎഫിനെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ഡീന്‍ കുര്യാക്കോസ് എംപിയേക്കുറിച്ച് താന്‍ വ്യക്തിപാരമായി ഒന്നും പറയുന്നില്ല. തങ്ങള്‍ നയപരമായിട്ടാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. എംപിയെ മണ്ഡലത്തില്‍ കാണാറില്ലെന്ന് ജനങ്ങളില്‍ നിന്നും മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
“ഇത് ഉത്തരേന്ത്യ അല്ല കേരളമാണ്. വര്‍ഗീയ ധ്രുവീകരണങ്ങള്‍ വിലപ്പോകില്ല; ദോഷം ചെയ്യും’ എന്ന സി.കെ. പത്മനാഭന്റെ വാക്കുകള്‍ ബിജെപിക്ക് തന്നെയുള്ള ഉപദേശമാണ്. എല്ലാവരും മതനിരപേക്ഷ നിലപാട് സ്വീകരിക്കണമെന്നാണ് സിപിഎമ്മിന്റെ പക്ഷം. എന്നാല്‍ ബിജെപി സ്വാഭാവികമായി ആ നിലപാടല്ല സ്വീകരിക്കുന്നതെന്നും ഗോവിന്ദന് വിമര്‍ശിച്ചു.