കൊല്ലം: ഗരീബ് രഥ് ട്രെയിനുകളുടെ കോച്ച് നിർമാണം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി അവസാനിപ്പിച്ചു. കോച്ചുകളുടെ ആധുനിക വത്ക്കരണത്തിന്റെ ഭാഗമായാണിത്.നിലവിലെ കോച്ചുകൾക്ക് പകരം ഗരീബ് രഥ് ട്രെയിനുകളിൽ എൽഎച്ച്ബി ഏസി ത്രീ ടയർ എക്കണോമി കോച്ചുകൾ ഏർപ്പെടുത്തും. ഇതോടെ ഗരീബ് രഥ് ട്രെയിനുകളുടെ മുഖഛായ തന്നെ മാറും.
വിവിധ റെയിൽവേ സോണുകളിൽ ഘട്ടം ഘട്ടമായി കോച്ചുകളുടെ മാറ്റം നടപ്പിലാക്കാനാണ് ഇന്ത്യൻ റെയിൽവേയുടെ തീരുമാനം.തുടക്കത്തിൽ നോർത്തേൺ റെയിൽവേയിലായിരിക്കും ഇത് നടപ്പാക്കുക. ഈ മേഖലയിൽ സർവീസ് നടത്തുന്ന ഒമ്പത് ഗരീബ് രഥ് ട്രെയിനുകൾ ഉടൻ പുതിയ കോച്ചുകളിലേയ്ക്ക് മാറും. ഇതിനായി അവർക്ക് 100 എൽഎച്ച്ബി ഏസി ത്രീ ടയർ എക്കണോമി കോച്ചുകൾ ഇതിനകം കൈമാറിക്കഴിഞ്ഞു.
സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ദീർഘദൂര ഏസി യാത്ര ലക്ഷ്യമിട്ട് 2005-ലാണ് ഗരീബ് രഥ് ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ ആരംഭിച്ചത്. ഇത് വൻ വിജയവുമായിരുന്നു. പാവപ്പെട്ടവൻ്റെ രാജധാനി എക്സ്പ്രസ് എന്നായിരുന്നു ഗരീബ് രഥ് ട്രെയിനുകളെ വിശേഷിപ്പിക്കുന്നത്.
കൂടുതൽ ആധുനിക സൗകര്യങ്ങളുള്ള പുതിയ കോച്ചുകൾ ഏർപ്പെടുത്തുന്നതോടെ ടിക്കറ്റ് നിരക്കുകളിൽ നേരിയ വ്യത്യാസം ഉണ്ടാകുമെന്ന് സൂചനയുണ്ട്. ഇന്നാൽ ഇത് സംബന്ധിച്ച് റെയിൽവേയുടെ ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടുമില്ല.നിലവിൽ കേരളത്തിൽ കൊച്ചുവേളി – ലോകമാന്യ തിലക് ടെർമിനസ് റൂട്ടിൽ ഒരു ഗരീബ് രഥ് ട്രെയിൻ മാത്രമാണ് സർവീസ് നടത്തുന്നത്.
എസ്.ആർ. സുധീർ കുമാർ