കൊച്ചി: മോന്സണ് മാവുങ്കല്‍ പ്രതിയായ പുരാവസ്തുതട്ടിപ്പു കേസിലെ വഞ്ചനക്കേസിലെ ഹവാല ഇടപാട് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നു കൈമാറും. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഇഡി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു.
കേസിലെ പരാതിക്കാര്‍ മോന്സണ് നല്കിയ 10 കോടിയില്‍ 2.10 കോടിക്കുമാത്രമേ ബാങ്ക് രേഖകളുള്ളൂ. ശേഷിക്കുന്ന തുകയ്ക്ക് രേഖകകളില്ലെന്നും ഇത് ഹവാലയാണെന്നും അന്വേഷണത്തിന് നേതൃത്വം നല്കുന്ന ഡിവൈഎസ്പി വൈ.ആര്.റസ്റ്റം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഈ മാസം ആദ്യമാണ് മോന്‍സണെ ഒന്നും സുധാകരനെ രണ്ടും യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിന് എബ്രഹാമിനെ മൂന്നും പ്രതികളാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയത്. വിദേശികള്‍ക്ക് പുരാവസ്തു വിറ്റ വകയില്‍ ബാങ്കില്‍ കുടുങ്ങിയ, മോന്‍സണിന്റെ 2.62 ലക്ഷം കോടി രൂപ വിട്ടുകിട്ടാന്‍ ഡല്‍ഹിയില്‍ സുധാകരന് ഇടപെടുമെന്ന ഉറപ്പില്‍ പണംനല്കിയെന്നാണ് പരാതി. കബളിപ്പിക്കപ്പെട്ട ആറുപേരാണ് കേസിലെ പരാതിക്കാര്‍.
മോണ്‍സന്റെ വീട്ടില്‍നിന്ന് നഷ്ടമായത് 15 വസ്തുക്കള്‍
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്സണ് മാവുങ്കല്‍ വാടകയ്ക്ക് താമസിച്ചിരുന്ന കലൂരിലെ വീട്ടില്‍ നിന്ന് നഷ്ടമായത് 15 വസ്തുക്കള്‍. മോന്‍സന്റെ വീട്ടിലുണ്ടായിരുന്ന ശില്പങ്ങള് ഉള്‍പ്പെടെ ഇവയുടെ ഉടസ്ഥനായ തിരുവനന്തപുരം സ്വദേശി എസ്. സന്തോഷിന് കൈമാറാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആര്. റസ്റ്റം നടത്തിയ പരിശോധനയിലാണ് വസ്തുക്കള്‍ മോഷണം പോയതായി സ്ഥിരീകരിച്ചത്. കള്ളതാക്കോല്‍ ഉപയോഗിച്ച് അകത്ത് കയറിയാണ് സാധനങ്ങള്‍ കൈവശപ്പെടുത്തിയതെന്ന് കരുതുന്നതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ലോഹനിര്‍മിതവും ഭാരവുമുള്ള വസ്തുക്കളാണ് മോഷണം പോയിട്ടുള്ളത്. വീടിന്റെ താക്കോല്‍ നോര്‍ത്ത് പോലീസിന്റെ കൈവശമാണ്. നേരത്തെ വീടിന് പോലീസ് കാവലുണ്ടായിരുന്നു. വീട്ടില്‍ മോഷണം നടന്നതായി സംശയിക്കുന്നുവെന്ന് കാണിച്ച് കഴിഞ്ഞ ദിവസം മോന്‍സന്റെ മകന് എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ എന്തെല്ലാം സാധനങ്ങള്‍ നഷ്ടമായി എന്നതു സംബന്ധിച്ച വ്യക്തമായ ധാരണ പരാതിക്കാരന് ഇല്ലാതിരുന്നതിനാല്‍ പോലീസ് കേസ് എടുത്തിരുന്നില്ല. അതേസമയം, നോര്‍ത്ത് പോലീസിന് മകന് പരാതി നല്കിയ വിവരം തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആര്. റസ്റ്റം പറഞ്ഞു.
ശില്പങ്ങള്, സിംഹാസനങ്ങള്‍, ആയുധങ്ങള്‍ ഉള്‍പ്പെടെ 2000 വസ്തുക്കള്‍ ഇപ്പോഴൂം ഈ വീട്ടിലുണ്ട്. ഇതില്‍ 900 സാധനങ്ങളാണ് സന്തോഷ് മോണ്സന് നല്‍കിയിട്ടുള്ളത്.