കേപ്ടൗൺ: മരണമുഖത്തുനിന്നു രക്ഷപ്പെട്ടെന്നൊക്കെ ആലങ്കാരികമായി പറയാറുണ്ട്. പക്ഷേ അതിൽ പലതും അത്ര വലിയ അപകടമൊന്നുമാവില്ല. എന്നാൽ, ദക്ഷിണാഫ്രിക്കയിൽനിന്നു പുറത്തുവന്ന ഒരു യുവാവിന്റെ രക്ഷപ്പെടലിനെക്കുറിച്ച് അറിഞ്ഞാൽ ഞെട്ടിപ്പോകും. 13 അടി വലിപ്പമുള്ള ഒരു പടുകൂറ്റൻ മുതലയുടെ വായിൽനിന്നായിരുന്നു ആ രക്ഷപ്പെടൽ.
ഭാര്യയ്ക്കും മകനുമൊപ്പം ദക്ഷിണാഫ്രിക്കയിലെ ഒരു അണക്കെട്ടിൽ അവധി ആഘോഷിക്കാനെത്തിയ ആന്റണി ജോബർട്ട് എന്ന മുപ്പത്തിയേഴുകാരനാണു മുതലയുടെ വായിൽ അകപ്പെട്ടത്. ചൂണ്ട ഇടുന്നതിനിടെ മുതല ആന്റണിയുടെ കാലിൽ പിടികൂടി ശരവേഗത്തിൽ ശരീരത്തിന്റെ പകുതിയോളം വായ്ക്കുള്ളിലാക്കുകയായിരുന്നു.
മുതലയുടെ വായിലിരുന്ന് ആന്റണി മരണത്തിന്റെ മുഖം ശരിക്കും നേരിൽ കണ്ടു. ഇയാൾ എങ്ങനെ രക്ഷപ്പെട്ടു എന്നല്ലേ? രക്ഷാപ്രവർത്തകരൊന്നുമല്ല അത് ചെയ്തത്. മകനൊപ്പം ആ ഭീകരദൃശ്യത്തിന് ദൃക്സാക്ഷിയായ ആന്റണിയുടെ ഭാര്യ അന്നാലൈസ് ആണു സ്വന്തം ജീവൻ പണയപ്പെടുത്തി മുതലവായിൽനിന്നു ഭർത്താവിനെ അത്ഭുതകരമായി രക്ഷിച്ചെടുത്തത്.
മുതല ആന്റണിയെ വിഴുങ്ങിക്കൊണ്ടിരിക്കേ അന്നാലൈസ് ഒരു തടിക്ഷണമെടുത്ത് മുതലയുടെ തലയിൽ സർവശക്തിയുമെടുത്ത് ആഞ്ഞടിച്ചു. തുടർച്ചയായുള്ള അടിയേറ്റതോടെ മുതല വാ തുറന്നു. ഈ സമയം അവിടെയുണ്ടായിരുന്ന ആന്റണിയുടെ ബോസും സഹായത്തിനെത്തി. ഇരുവരും ചേര്‍ന്ന് ആന്റണിയെ മുതലവായിൽനിന്നു വലിച്ചു പുറത്തിട്ടു.
അടിയേറ്റ വേദനയിൽ മുതല തടാകത്തിൽ മറയുകയും ചെയ്തു. സാരമായി മുറിവേറ്റ ആന്റണിയെ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സയ്ക്കു വിധേയനാക്കി. ഇയാളുടെ വയറ്റില്‍നിന്നു മൂന്നു മുതലപ്പല്ലുകൾ കണ്ടെത്തിയതായും സുഖം പ്രാപിച്ചുവരുന്നതായും ദ മിറർ റിപ്പോർട്ട് ചെയ്തു.