ജയ്പുർ: രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് കോച്ചിംഗിന് പഠിക്കുന്ന വിദ്യാര്‍ഥിനിയെ ഒരുസംഘം തട്ടിക്കൊണ്ടുപോയി 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ശിവപുരി സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്.
പെണ്‍കുട്ടിയെ കയറില്‍ കെട്ടിയിട്ട ഫോട്ടോകൾ അയച്ച സംഘം മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ മകളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായി പിതാവിന്റെ പരാതിയില്‍ പറയുന്നു.
കോട്ടയിലെ വിജ്ഞാന് നഗറിലെ ഒരു കോച്ചിംഗ് സെന്ററിലാണ് പെണ്‍കുട്ടി പഠിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന് അടുത്തുള്ള ഒരു വാടകമുറിയിലായിരുന്നു താമസം. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മൂന്നു മണിയോടെയാണ് പിതാവിന്റെ ഫോണിലേക്ക് മകളെ കെട്ടിയിട്ടിരിക്കുന്ന ഫോട്ടോകളും ഭീഷണിസന്ദേശവും ലഭിച്ചത്.
പണം കൈമാറാനുള്ള അക്കൗണ്ട് നമ്പറും അയച്ചു. ഉടന്‍തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്നു പിതാവ് പറഞ്ഞു.
പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനും പ്രതികളെ പിടികൂടാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്നു കോട്ട എസ്പി അമൃത ദുഹാന്‍ പറഞ്ഞു. വിദ്യാര്‍ഥിനിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20,000 രൂപ പാരിതോഷികം നല്‍കുമെന്നും എസ്പി അറിയിച്ചു.