തൃശൂർ: ബിജെപി ഏറെ പ്രതീക്ഷ പുലർത്തുന്ന തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ പ്രചാരണത്തിന് ആവേശം പോരെന്ന് വിലയിരുത്തൽ. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രചരണം കൂടുതൽ ആവേശകരവും സജീവവുമാക്കാൻ കൂടുതൽ കേന്ദ്ര – സംസ്ഥാന നേതാക്കളെ രംഗത്തിറക്കാനാണ് ബിജെപി പദ്ധതിയിടുന്നത്.
കഴിഞ്ഞ ലോക്സഭാ – നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സുരേഷ് ഗോപി കാഴ്ചവച്ച പ്രചാരണ പ്രസരിപ്പ് ഇത്തവണ ഉണ്ടായിട്ടില്ല എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. താഴെത്തട്ടിലേക്ക് ഇനിയും പ്രചരണം ശക്തിപ്പെടുത്തണം എന്നും നിർദ്ദേശം ഉയർന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടു തവണത്തെ തൃശൂർ സന്ദർശനം സൃഷ്ടിച്ച ആവേശം നിലനിർത്താനും മുന്നോട്ടു കൊണ്ടുപോകാനും സുരേഷ് ഗോപിയുടെ പ്രചരണത്തിന് കഴിഞ്ഞിട്ടില്ല എന്നാണ് പാർട്ടിക്കുള്ളിൽ തന്നെയുള്ള അഭിപ്രായം. ഇത് മറികടക്കാനാണ് ബിജെപി പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്.
സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് അടിക്കടി ഉണ്ടാവുന്ന വിവാദങ്ങളും കേന്ദ്ര നേതൃത്വത്തിന് അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. പ്രചരണ വേളയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നും വിവാദ പ്രസ്താവനകളും പരാമർശങ്ങളും ഒഴിവാക്കാൻ ശ്രമിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇടതു വലതുപക്ഷങ്ങളെ ശക്തമായി കടന്നാക്രമിച്ചു കൊണ്ടുള്ള പ്രചരണരീതിക്കായിരിക്കണം ഇനി മുൻതൂക്കം നൽകേണ്ടതെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്ന കേന്ദ്രസംഘം ഓർമ്മിപ്പിച്ചിട്ടുണ്ട്.
പ്രചാരണത്തിലൂടെ തിരുവനന്തപുരത്തും തൃശൂരും ശക്തമായ ത്രികോണ മത്സരസാധ്യത തുറന്നെങ്കിലും അടിത്തട്ടിലെ പ്രവർത്തനത്തിനു ശക്തി പോരെന്നു മനസിലാക്കി കൂടുതൽ സംസ്ഥാന നേതാക്കൾക്കു ചുമതല നൽകി ബിജെപി നേതൃത്വം പ്രചരണ തന്ത്രങ്ങളിലെ പ്ലാൻ ബി യിലേക്ക് കടന്നിരിക്കുകയാണ്. ജനങ്ങൾക്കിടയിലേക്ക് കൂടുതൽ ഇറങ്ങിച്ചെന്ന് പ്രചരണം നടത്തുന്നതിനാണ് ഊന്നൽ നൽകേണ്ടതെന്നും നേതൃത്വം ഓർമപ്പെടുത്തിയിട്ടുണ്ട്.
സ്വന്തം ലേഖകൻ