അമ്പലപ്പുഴ: സഹപ്രവർത്തകന്റെ ജീവൻ നിലനിർത്താൻ ഗാനങ്ങൾ പാടിയും കവിത ചൊല്ലിയും ചില്ലിത്തുട്ടുകൾ സമാഹരിച്ച് ഓട്ടോ റിക്ഷാ തൊഴിലാളികൾ. ഇരുവൃക്കയും തകരാറിലായ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15-ാം വാർഡ് നീർക്കുന്നം പുതുവൽ 33 വയസുകാരൻ അഫ്സലിന്റെ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമായാണ് അമ്പലപ്പുഴ കച്ചേരി മുക്ക് ഓട്ടോ സ്റ്റാൻഡിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ ഒത്തുചേർന്നത്.
അമ്പലപ്പുഴ കച്ചേരിമുക്ക് സ്റ്റാൻഡിലെ ഓട്ടോറിക്ഷാ ഡ്രൈവറായ അഫ്സലിന് ഒരു മാസം മുൻപ് തളർച്ചയും ക്ഷീണവും അനുഭവപ്പെട്ടു. തുടർന്ന് ആലപ്പുഴയിൽ ഡോക്ടറെ കാണിച്ചപ്പോൾ ഇദ്ദേഹത്തിന്റെ നിർദേശ പ്രകാരം പുന്നപ്ര സാഗര സഹകരണാശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇരുവൃക്കയും തകരാറിലാണെന്ന് കണ്ടെത്തിയത്.
ഇപ്പോൾ ആഴ്ചയിൽ 3 ഡയാലിസിസ് ചെയ്യണം. ഒരു ഡയാലിസിസിന് 1250 രൂപ ചെലവാകും. ഡയാലിസിസിനുള്ള മരുന്ന് പുറത്തു നിന്ന് വാങ്ങണം. അഫ്സൽ ഓട്ടോറിക്ഷ ഓടിച്ചു ലഭിച്ചിരുന്ന വരുമാനമായിരുന്നു ഈ കുടുംബത്തിന്റെ ഏകാശ്രയം. ഭാര്യയും രണ്ട് കൊച്ചു കുട്ടികളും പ്രായമായ മാതാപിതാക്കളുമടങ്ങുന്ന ഈ കുടുംബത്തിന്റെ വരുമാനം അഫ്സൽ കിടപ്പിലായതോടെ നിലച്ചു.
ഇപ്പോൾ ചികിത്സയ്ക്കും മറ്റ് ചെലവുകൾക്കുമുള്ള തുക സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കരുണകൊണ്ടാണ് നടക്കുന്നത്. അടിയന്തരമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.
ഇതിനായുള്ള ലക്ഷങ്ങൾ എവിടെ നിന്ന് കണ്ടെത്തുമെന്നറിയാതെ കണ്ണീരൊഴുക്കുന്ന കുടുംബത്തെ സഹായിക്കാനാണ് സ്റ്റാൻഡിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ ഗാനങ്ങൾ ആലപിച്ചും കവിത ചൊല്ലിയും നാട്ടുകാരിൽനിന്ന് പണം സമാഹരിച്ചത്. നിരവധി പേരാണ് ഇവരുടെ ഈ കാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം പങ്കാളികളായത്.