മാന്നാർ: സ്കൂൾ ജീവനക്കാരനെ കാണാതായിട്ട് 10 ദിവസം പിന്നിടുന്നു. കുട്ടംപേരൂർ സന്തോഷ് ഭവനത്തിൽ അനിൽകുമാറിന്റെ (സുരേഷ്) തിരോധാനവുമായി ബന്ധപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.
ചൊവ്വാഴ്ച വൈകിട്ട് കുന്നത്തൂർ യു.പി സ്കൂൾ പരിസരത്ത് കൂടിയ ആക്ഷൻ കൗൺസിൽ രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം സിപിഐ-എം മാന്നാർ ഏരിയ സെക്രട്ടറി പ്രഫ: പി.ഡി. ശശിധരൻ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ. പ്രസാദ് അധ്യക്ഷനായി. ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.പി. സുധാകരൻ സ്വാഗതം ആശംസിച്ചു. ബി.കെ. പ്രസാദ് ചെയർമാനായും, ടി.വി. രത്നകുമാരി കൺവീനറായും 101 പേരടങ്ങുന്ന ജനറൽ കമ്മിറ്റിയും, 25 പേർ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.
കുന്നത്തൂർ ദേവസ്വം ഖജാൻജിയും എസ് കെ വി ഹൈസ്കൂൾ ജീവനക്കാരനുമായിരുന്ന അനിൽകുമാറിനെ മാർച്ച് 10 മുതലാണ് കാണാതായത്. കുടുംബം നൽകിയ പരാതിയിൽ മാന്നാർ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല. സോഷ്യൽ മീഡിയവഴി തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽവന്ന പോസ്റ്റിൽ മനംനൊന്താണ് സുരേഷ് നാടുവിട്ടതെന്ന് സംശയം നിലനിൽക്കുന്നുണ്ട്.
രണ്ടു കുഞ്ഞുങ്ങളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ അനിൽകുമാറിനെ എത്രയും വേഗം കണ്ടെത്തണമെന്നും ഈ തിരോധാനത്തിന് കാരണക്കാരായ ആളുകളെ കണ്ടത്തി നിയമത്തിനു മുമ്പിൽ കൊണ്ടുവരണം എന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കും ഡിജിപിക്കും തഹസിൽദാർ അടക്കമുള്ളവർക്കും ഇന്ന് ആക്ഷൻ കൗൺസിൽ പരാതി നൽകും. മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി, വൈസ് പ്രസിഡന്റ് സെലീന നൗഷാദ്, പഞ്ചായത്ത് അംഗങ്ങളായ സുനിത ഏബ്രഹാം, സുജാത മനോഹരൻ, അനീഷ് മണ്ണാരേത്ത് എന്നിവരും വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കളായ പി.എൻ. ശെൽവരാജ്, പ്രശാന്ത് കുമാർ, കുന്നത്തൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം തുടങ്ങിയവർ പങ്കെടുത്തു.