ജയ്പുർ: രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ യുവതിയെ കൊലപ്പെടുത്തിയയാളെ അറസ്റ്റ് ചെയ്തു. പൂനം ശർമ(23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സോനു ശർമ(32) ആണ് പിടിയിലായത്.
സാർ മഥുര പോലീസ് സ്റ്റേഷൻ പരിധിയിലെ പട്പാറ കോളനിയിലെ വാടക മുറിയിൽ വച്ച് സോനു ശർമ പൂനം ശർമയുടെ കഴുത്തറക്കുകയായിരുന്നു.
ഇരുവരും പ്രണയത്തിലായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പ്രതി വിവാഹിതനും കുട്ടികളുമുള്ളയാളാണ്, എന്നാൽ കൊല്ലപ്പെട്ട യുവതി അവിവാഹിതയായിരുന്നു. ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം അന്വേഷിച്ച് വരികയാണെന്ന് ഭരത്പൂർ ഡിഎസ്പി സുനിൽ കുമാർ ശർമ പറഞ്ഞു.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം യുവതിയുടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് പിന്നാലെ പ്രതി കൈ ഞരമ്പ് മുറിച്ച് സ്വയം മുറിവേൽപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് പറഞ്ഞു.
പ്രതിക്കെതിരെ സർ മഥുര പോലീസ് സ്റ്റേഷനിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.