പോലീസുകാരി ആണെന്ന് തെറ്റിദ്ധരിപ്പിച്ച് സ്ഥിരം കാക്കി ധരിച്ച് നടന്ന യുവതിയെ കുടുക്കി പ്രതിശ്രുത വരൻ. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്.പി.എഫ്) എസ്.ഐ.യായി ആള്‍മാറാട്ടം നടത്തിയ തെലങ്കാന നര്‍കേട്ട്പള്ളി സ്വദേശി ജഡല മാളവികയാണ് നല്‍ഗോണ്ട റെയില്‍വേ പൊലീസിന്റെ പിടിയിലായത്. ഒരു വർഷത്തോളമാണ് യുവതി ആൾമാറാട്ടം നടത്തിയിരുന്നത്.
മാളവിക തന്റെ വിവാഹ നിശ്ചയത്തിനും കാക്കി ധരിച്ചെത്തിയതോടെയാണ് പ്രതിശ്രുത വരന് സംശയം തോന്നിയത്. ഇതോടെ ഐ.ടി. ഉദ്യോഗസ്ഥനായ ഇയാൾ മാളവികയെ കുറിച്ച് വിശദമായ അന്വേഷണം നടത്തുകയായിരുന്നു.
ആര്.പി.എഫ്. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ മാളവിക എസ്.ഐ. അല്ലെന്നും ഇവര്‍ക്ക് ഒരു ജോലിയുമില്ലെന്നും വ്യക്തമായി. തുടർന്ന് വിവരമറിഞ്ഞ റെയിൽവേ പോലീസ് സംഭവത്തിൽ നടപടി എടുക്കുകയായിരുന്നു. യുവതിയിൽ നിന്ന് വ്യാജ തിരിച്ചറിയൽ രേഖയും പോലീസ് യൂണിഫോമും പിടിച്ചെടുക്കുകയും ചെയ്തു.
എവിടെ പോകുമ്പോഴും മാളവിക കാക്കി ധരിക്കുമായിരുന്നു. കുടുംബ ചടങ്ങുകളിലും ക്ഷേത്ര ദർശനത്തിനും യാത്രകളിലുമൊക്കെ കാക്കി ധരിച്ചാണ് മാളവിക എത്തിയിരുന്നത്. മാളവിക 2023 മുതലാണ് പൊതുസ്ഥലങ്ങളിൽ എസ്ഐ യൂണിഫോം ധരിച്ച് എത്താൻ തുടങ്ങിയത്.
വനിതാദിന പരിപാടിയിലെ മുഖ്യ അതിഥിയായിരുന്നു മാളവിക. ഇതോടെ സമൂഹ മാധ്യമങ്ങളിലും മാളവികയ്ക്ക് ആരാധകരേറി. 2018-ല്‍ ആര്.പി.എഫിലേക്കുള്ള എസ്.ഐ. റിക്രൂട്ട്മെന്റിൽ യുവതി പങ്കെടുത്തിരുന്നു. എഴുത്തുപരീക്ഷ പാസായെങ്കിലും മെഡിക്കല്‍ ടെസ്റ്റില്‍ ഇവര്‍ പരാജയപ്പെട്ടു. ഇതിനുപിന്നാലെയാണ് എസ്.ഐ.യായി തിരഞ്ഞെടുക്കപ്പെട്ടെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതി ആൾമാറാട്ടം തുടങ്ങിയത്.