ചേർത്തല: കടയിൽനിന്ന് സാധനം വാങ്ങിയതിനുശേഷം പണം ഗൂഗിൾ പേ ചെയ്തതായി കടയുടമയെ തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയതായി പരാതി. ചേർത്തല തെക്കേ അങ്ങാടി കമ്പിക്കാൽ ജംഗ്ഷന് അടുത്തുള്ള പൂച്ചട്ടി വിൽക്കുന്ന കടയിലാണ് തട്ടിപ്പ് നടന്നത്.
കൈക്കുഞ്ഞിനെ എടുത്ത ഒരു സ്ത്രീയെയും കൂട്ടി കടയിലെത്തിയയാൾ കടയിൽനിന്ന് ആയിരത്തിനടുത്ത് രൂപയ്ക്ക് ചെടിച്ചട്ടികൾ വാങ്ങി പണം ഗൂഗിൾ പേ ചെയ്തതായി ഫോൺ നിവർത്തി കാണിച്ചു.
സംശയം തോന്നാതിരുന്ന കടയുടമ സാധനങ്ങൾ ഒതുക്കിയശേഷം അക്കൗണ്ട് പരിശോധിച്ചപ്പോൾ പണം ലഭിച്ചിട്ടില്ലെന്ന് ബോധ്യമായി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ അടക്കം ചേർത്തല പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
സമാനരീതിയിൽ മറ്റ് സ്ഥലങ്ങളിൽ ഇത്തരം കബളിപ്പിക്കൽ നടത്തിയിട്ടുള്ളവരാകാമെന്ന് സംശയിക്കുന്നതായും കടയുടമ റോയി സെബാസ്റ്റ്യൻ പറഞ്ഞു. ചേർത്തല പോലീസ് പരാതി രജിസ്റ്റർ ചെയ്തു.