നിങ്ങൾ സാഹസികത ഇഷ്ടപ്പെടുന്നവരാണോ? എങ്കിൽ ലോകത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള അന്റാർട്ടിക്കയിൽ അപൂർവമായ ഒരു ജോലിക്കു നിങ്ങൾക്ക് അവസരമുണ്ട്. അന്റാർട്ടിക്കയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നായ ഗൗഡിയർ ദ്വീപിലെ പോർട്ട് ലോക്ക്റോയിലെ തപാൽ ഓഫീസിലാണു ജോലി. ഇവിടെ കത്തിടപാടുകളുടെ ജോലി മാത്രം ചെയ്താൽ പോരാ. ദ്വീപിലെ പെൻഗ്വിനുകളുടെ എണ്ണവും എടുക്കണം..! രണ്ടു ലക്ഷത്തിലേറെയാണു പ്രതിമാസ ശമ്പളം.
ദ്വീപിന്റെ നിയന്ത്രണച്ചുമതലയുള്ള യുകെ അന്റാർട്ടിക് ഹെറിറ്റേജ് ട്രസ്റ്റാണ് നിയമനം നടത്തുന്നത്. ബേസ് ലീഡർ, ഷോപ്പ് മാനേജർ, ജനറൽ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഈ തസ്തികയിൽ നിയമിതരാകുന്നവരും പെൻഗ്വിൻ സർവേക്കു പോകേണ്ടിവരും.
വർഷത്തിൽ 18,000 ക്രൂയിസ് കപ്പൽ സന്ദർശകർ ഇവിടെയെത്താറുള്ളതായി ട്രസ്റ്റിന്റെ വെബ്സൈറ്റിൽ പറയുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിമിംഗലങ്ങളെ വേട്ടയാടിയിരുന്ന കപ്പലുകളുടെ സുരക്ഷിതതാവളമായിരുന്നു പോർട്ട് ലോക്ക്റോയ്. ബ്രിട്ടീഷുകാർ ഇവിടെയൊരു താവളം നിർമിച്ചെങ്കിലും 1962ൽ അടച്ചുപൂട്ടി. 1996ൽ പോർട്ട് ലോക്ക്റോയ് മ്യൂസിയമാക്കി മാറ്റി. 2006ലാണു ദ്വീപിന്റെ നിയന്ത്രണം ട്രസ്റ്റ് ഏറ്റെടുത്തത്.