കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയും വര്‍ധിച്ച് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിലെത്തി. ഗ്രാമിന് 6,180 രൂപയും പവന് 49,440 രൂപയുമെന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്നു വ്യാപാരം നടക്കുന്നത്. സ്വര്‍ണവില പവന് അരലക്ഷത്തിൽ എത്താന്‍ 560 രൂപയുടെ വ്യത്യാസം മാത്രമാണുള്ളത്. മാര്‍ച്ച് 19 ലെ സ്വർണവിലയായ ഗ്രാമിന് 6,080 രൂപ, പവന് 48,640 രൂപ എന്ന റിക്കാര്‍ഡാണ് ഇന്ന് ഭേദിച്ചത്.
അന്താരാഷ്ട്ര സ്വര്‍ണവില 2200 ഡോളര്‍ എത്തിയശേഷം 2019 ലേക്ക് താഴുകയും പിന്നീട് 2203 ഡോളറിലേക്ക് കുതിക്കുകയുമായിരുന്നു. 24 കാരറ്റ് സ്വര്‍ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 68 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്. പലിശ നിരക്ക് മാറ്റമില്ലാതെ തല്‍സ്ഥിതി തുടരുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന് കാരണം.
നിക്ഷേപകര്‍ വലിയതോതില്‍ സ്വര്‍ണത്തില്‍ താല്പര്യം കാട്ടുന്നതും വിലവര്‍ധനയ്ക്ക് കാരണമായിട്ടുണ്ടെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു.
2023ല്‍ 13 തവണയാണ് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചത്. പവന് 42,160 രൂപയില്‍ നിന്നും 2023 അവസാനിപ്പിക്കുമ്പോഴേക്കും പവന് 48,080 രൂപയായി സ്വര്‍ണവില ഉയരുകയുണ്ടായി. 2024 മാര്‍ച്ചിലാണ് റിക്കാര്‍ഡുകള്‍ വീണ്ടും ഭേദിച്ച് തുടങ്ങിയത്. മാര്‍ച്ച് അഞ്ചിന് 5,945 രൂപയായി റിക്കാര്‍ഡ് തുടക്കമിട്ടു.
മാര്‍ച്ച് മാസത്തില്‍ തന്നെ ഏഴു തവണയാണ് സ്വര്‍ണവിലയില്‍ റിക്കാര്‍ഡ് വര്‍ധന ഉണ്ടായത്. മാര്‍ച്ച് മാസത്തിലെ 16 ദിവസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണവില ഗ്രാമിന് 235 രൂപയും പവന് 1,880 രൂപയും വര്‍ധിക്കുകയുണ്ടായി.
സീമ മോഹന്‍ലാല്‍