ഇസ്ലമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ചൈനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗ്വാദർ തുറമുഖത്ത് അജ്ഞാതസംഘം നടത്തിയ ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു.
തോക്കുകളും സ്ഫോടക വസ്തുക്കളുമായി ആയുധധാരികളായ അക്രമികൾ തുറമുഖത്തു കടന്നു വെടിയുതിർക്കുകയായിരുന്നുവെന്നു പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പോലീസും സുരക്ഷാസേനയും ചേർന്ന് എട്ട് അക്രമികളെ വധിച്ചതായും റിപ്പോർട്ടിലുണ്ട്.
തുറമുഖം കോംപ്ലക്സിനുള്ളിൽനിന്നു വലിയ സ്ഫോടനങ്ങളും വെടിവയ്പും നടന്നതായി പ്രദേശവാസികൾ പറഞ്ഞു. ഏറ്റുമുട്ടൽ തുടരുകയാണെന്നും പറയുന്നു. നിലവിൽ ചൈനീസ് എൻജിനീയർമാർ വിപുലമായ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തുറമുഖമാണിത്.
ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്ക് ബദലായി ചെനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് കൊണ്ടുവന്ന ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയിൽ സുപ്രധാനമെന്ന് കരുതുന്ന ഒന്നാണ് ഗ്വാദർ തുറമുഖം. 2023 ഓഗസ്റ്റിൽ ഗ്വാദറിൽ ചൈനീസ് തൊഴിലാളികളുടെ വാഹനവ്യൂഹത്തിന് നേരെ തോക്കുധാരികൾ ആക്രമണം നടത്തുകയും വിഘടനവാദികളായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിരുന്നു.