“ആയിരം മൈലുകളുടെ യാത്ര ആരംഭിക്കുന്നത് ഒരു ചുവടുവെപ്പില്‍ നിന്നാണ്’, ഏറെ പ്രശസ്തമായ ഒരു വാചകമാണല്ലൊ ഇത്. ഒരു മനസിനെ സംബന്ധിച്ച് അതിന്റെ ഏറ്റവും വിശാലതലം രൂപപ്പെടുന്നത് ഓരോ യാത്രയില്‍ നിന്നുമാണ്. പുതിയ കാഴ്ചകളും ഊര്‍ജങ്ങളും പുതിയ ഗന്ധവും ശ്വാസവുമൊക്കെ മറ്റൊരു തലത്തിലേക്ക് മനുഷ്യന്റെ മനസിനെ എത്തിക്കും. പിന്നീട് ചിന്താഗതികള്‍ തന്നെ തകിടം മറിയും.
സഞ്ചാരം പ്രിയപ്പെടുന്നവരാണ് പലരും. എന്നാല്‍ പല പല കാരണങ്ങളാല്‍ പലര്‍ക്കും ഒരു പരിധിക്കപ്പുറം പോയി നോക്കാന്‍ കഴിയാറില്ല. പ്രത്യേകിച്ച് സ്ത്രീകള്‍; അവരുടെ ലോകം പല കാരണങ്ങളാല്‍ അവര്‍തന്നെ ചെറുതാക്കുന്നു.
എന്നാല്‍ എല്ലാപേരും അങ്ങനെയല്ല. അതിരുകളുടെ അതിര്‍ത്തികളെ ഭേദിച്ച് ആഗ്രഹങ്ങളുടെ താഴ്വരയില് പറന്നിറങ്ങുന്ന പല സ്ത്രീകളും ഈ ഉലകിലുണ്ട്. അവര്‍ ശക്തരും വിസ്മയം നല്‍കുന്നവരുമായി മാറാറുണ്ട്.
അത്തരത്തില്‍ ലോകത്തിന് വിസ്മയമായി നിലകൊള്ളുന്ന ഒരു 89 വയസുകാരിയാണ് ജോയ് ഫോക്സ്. ആദ്യ പ്രണയത്തിന്റെ പതനത്തില്‍ നിന്നുമുണ്ടായ മുറിപ്പാടിനെ തുടര്‍ന്നായിരുന്നു അവരുടെ ആദ്യയാത്ര. അതും സ്വപ്നങ്ങള്‍ അടങ്ങിയ വിവാഹമോതിരം വിറ്റായിരുന്നു ആ യാത്ര.
സ്കോട്ട്ലന്‍ഡിലെ എഡിന്‍ബര്‍ഗിലെ റോയല്‍ സ്കോട്ട്സിന്റെ ബാരക്കിലായിരുന്നു ഫോക്സ് ജനിച്ചത്. പിന്നീട് അവര്‍ക്ക് മൂന്നുവയസുള്ളപ്പോള്‍ കുടുംബം ഇംഗ്ലണ്ടിലേക്ക് എത്തുകയായിരുന്നു. ചെറിയ നദീതീര പട്ടണമായ വിവന്ഹോയിലായിരുന്നു താമസം.
1956 ജനുവരിയില്‍ തന്റെ പ്രണയിതാവുമായി ആ 20 കാരിയുടെ വിവാഹം ഉറപ്പിച്ചു. എന്നാല്‍ ചിലകാരണങ്ങളാല്‍ അത് മുടങ്ങി. ഇത് ഫോക്സിനെ വല്ലാതെ ഉലച്ചു. തകര്‍ന്ന ഹൃദയത്തോടെ അവള് ആശ്വാസത്തിനായി കൊതിച്ചു. അങ്ങനിരിക്കെയാണ് അവള്‍ക്ക് യാത്രകളെ കുറിച്ചുള്ള തോന്നല്‍ ഉള്ളിലുണ്ടായത്.
രണ്ടാംലോക മഹായുദ്ധ കാലത്തായിരുന്നു ഫോക്സിന്റെ ബാല്യം. അതിനാല്‍ത്തന്നെ യാത്രകള്‍ നടത്താന്‍ അവര്‍ക്കായിരുന്നില്ല. എന്നാല്‍ റോയല്‍ സ്കോട്ട്സില് പൈപ്പ് മേജറായിരുന്ന ഫോക്സിന്റെ പിതാവ്. അദ്ദേഹവും ഭാര്യയും ഈജിപ്ത്, ചൈന, ഇന്ത്യ എന്നിവിടങ്ങളിലേക്ക് നിരവധി യാത്രകള്‍ നടത്തിയിരുന്നു.
ഈ യാത്രകളുടെ കഥകള്‍ ഫോക്സിന്റെ മാതാവ് അവളോട് പറയുമായിരുന്നു. മാത്രമല്ല ഫോക്സിന്റെ സഹോദരന് അലന് വെനീസിലേക്കുള്ള തന്റെ സ്വന്തം യാത്രകളെക്കുറിച്ചും നഗരത്തിന്റെ സൗന്ദര്യത്തെക്കുറിച്ചും പലപ്പോഴും സംസാരിച്ചു. ഇതൊക്കെ അവരെ പ്രചോദിപ്പിച്ചു. അങ്ങനെ അവര്‍ ഒരു യാത്ര ചെയ്യുകയുണ്ടായി.
തന്റെ ഗ്രാമത്തില്‍ നിന്നും ചെറുവള്ളത്തിലായിരുന്നു ആദ്യം യാത്ര തിരിച്ചത്. എന്നാല്‍ പിന്നീട് ഫ്രാന്‍സും സ്വിറ്റ്സര്‍ലന്‍ഡും കടന്ന് ഇറ്റലിയിലേക്ക് ട്രെയിനില്‍ പോയി. വീട്ടില്‍ നിന്നും മാറി നിന്ന ആദ്യ യാത്ര അതായിരുന്നു.
പുതിയ ലോകത്തിലേക്കുള്ള ആ ആദ്യയാത്രയില്‍ രണ്ടാഴ്ചയാണ് ഇറ്റലിയില്‍ ചിലവഴിച്ചത്. യാത്രയ്ക്കിടെ അവള് ഒരു ഇറ്റാലിയനുമായി സൗഹൃദത്തിലായി. ലൂയിജി എന്നായിരുന്നു അയാളുടെ പേര്. ഒരു നൃത്തംവയ്ക്കലിനിടയിലാണ് ഫോക്സ് അവനെ കണ്ടുമുട്ടിയത്.
ലൂയിജി അന്നാട്ടിലെ പല വിഖ്യാത ഇടങ്ങളും അവള്‍ക്ക് കാട്ടി. എല്ലാ പള്ളികളും അവളെ കാണിക്കുവാന്‍ ശ്രമിച്ചു. “എന്നാല്‍ താന്‍ ഉചിതമായി വസ്ത്രം ധരിച്ചിരുന്നില്ല, അതിനാല്‍ അവയിലൊന്നിലും കയറാന്‍ കഴിഞ്ഞില്ല,’ എന്ന് ജോയ് ഫോക്സ് കുസൃതിച്ചിരിയോടെ പറയുന്നു.
രണ്ടാഴ്ചയ്ക്ക് ശേഷം മനസിനെ സന്തോഷത്താല്‍ നിറച്ചും ധെെര്യം വീണ്ടെടുത്തും ഫോക്സ് വീവന്ഹോയിലേക്ക് മടങ്ങി.
പിന്നീട് ഫോക്സിന്റെ കുടുംബം ഇംഗ്ലണ്ടില്‍ നിന്ന് കാനഡയിലെ വാന്‍കൂവറിലേക്ക് താമസം മാറി. ശേഷം ജോയ് ഫോക്സ് വിവാഹിതയായി. വൈകാതെ മൂന്ന് കുട്ടികളുടെ അമ്മയുമായി. അവളുടെ യാത്രകളുടെ അടുത്ത അധ്യായത്തില്‍ കുട്ടികളുമൊത്തുള്ള സാഹസികതയും ഉള്‍പ്പെടുന്നു.
അവളുടെ ഭര്‍ത്താവും യാത്രകള്‍ ഏറെ ഇഷ്ടപ്പെട്ട ആളായിരുന്നു. അവര്‍ നിരവധി ക്യാമ്പിംഗുകള് നടത്തി. ഇത്തരം യാത്രകള്‍ ഫോക്സിനെ പ്രകൃതിയെ കൂടുതല്‍ മനസിലാക്കാന്‍ സഹായിച്ചു. വെള്ളച്ചാട്ടങ്ങളും നദികളും വനങ്ങളുമൊക്കെ അവളുടെ കാഴ്ചകളുടെ സ്ഥിരം ഭാഗമായി.
ഭര്‍ത്താവിന്റെ ജോലിയുമായി ബന്ധപ്പെട്ട് കാനഡയുടെ പല സ്ഥലങ്ങളിലേക്കും മാറിത്താമസിക്കേണ്ടി വന്നു. ഇതും പുതിയ യാത്രകള്‍ക്ക് വഴിവച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം മക്കള്‍ വളര്‍ന്നു. 2015ല്‍ ഫോക്സിന്റെ ഭര്‍ത്താവ് മരണപ്പെടുകയും ചെയ്തു.
ആ ഏകാന്തതയില്‍ നിന്നും മോചനത്തിനായി ഫോക്സ് വീണ്ടും യാത്രകള്‍ ആരംഭിച്ചു. മൊണാക്കോ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, കുക്ക് ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ഒക്കെ തനിയെ സഞ്ചരിച്ചു.
തന്റെ 65-ാം ജന്മദിനത്തില് താന്‍ ജനിച്ച എഡിന്‍ബര്‍ഗിലെ റോയല്‍ സ്കോട്ട്സിന്റെ ബാരക്കിലുള്ള ഇടത്തേക്ക് പോയി. അവിടെ ഒരുപാട് സമയം ചിലവഴിച്ചു. ആ യാത്ര അമൂല്യമായ ഓര്മകളുടേതാണെന്ന് അവര്‍ പറയുന്നു.
84-ാം ജന്മദിനത്തില്, ഫോക്സ് നോര്‍വേ സന്ദര്‍ശിച്ചു. “എന്റെ ജന്മദിനത്തിന് നോര്‍ത്തേണ്‍ ലൈറ്റ്സ് കാണുന്നത് അതിശയകരമായിരുന്നു,’ അവർ പറയുന്നു. ന്യൂസിലാന്‍ഡില്‍, അവര്‍ ഒരു കാര്‍ വാടകയ്ക്കെടുക്കുകയും രാജ്യം മുഴുവന്‍ സഞ്ചരിക്കുകയും ചെയ്തു.
പതിറ്റാണ്ടുകളുടെ ഏകാന്ത യാത്രകള്‍ ഫോക്സിനെ ലോകത്തിന്റെ പുതിയ ഭാഗങ്ങള്‍ എങ്ങനെ സ്വന്തമായി നാവിഗേറ്റ് ചെയ്യാമെന്നതിനെ കുറിച്ച് വളരെയധികം പഠിപ്പിച്ചു. പിന്നീട് യാത്ര ചെയ്യാന്‍ ഇറങ്ങുന്ന പലര്‍ക്കും അവര്‍ വലിയ സഹായമായി. തന്റെ യാത്രകളില്‍ ആവശ്യമെങ്കില്‍ മാത്രമേ ഗൈഡുകളെ വച്ചിരുന്നുള്ളു എന്ന് ഫോക്സ് പറയുന്നു. മാത്രമല്ല സ്ത്രീകള്‍ നടത്തിയിരുന്ന സത്രങ്ങളില്‍ മാത്രമാണ് തങ്ങിയിരുന്നത്. ഇത് സുരക്ഷിതമാണത്രെ.
2018 ല്‍ ഫോക്സിന് നാഡി തകരാറിനുള്ള ഒരു നട്ടെല്ല് ശസ്ത്രക്രിയ നടത്തിയിരുന്നു. അതോടെ വലിയ ബാഗുമായി സഞ്ചരിക്കാന്‍ കഴിയാതെയായി. അങ്ങനെ യാത്രകളുടെ എണ്ണം കുറഞ്ഞു.
അടുത്തിടെ 50 വയസിനു മുകളിലുള്ള സ്ത്രീകള്‍ക്കായി ഏകാന്ത യാത്രകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന ഒരു ആഗോള സംഘടനയായ ജേര്‍ണി വുമണില്‍ നിന്നുള്ള സോളോ ട്രാവലിനുള്ള എവ്ലിന് ഹാനണ് അവാര്‍ഡ് ഫോക്സിന് ലഭിച്ചിരുന്നു.
പ്രായം വേഗത കുറച്ചെങ്കിലും യാത്ര ബാക്കിയുണ്ടെന്നാണ് ഫോക്സ് കരുതുന്നത്. തന്റെ 65-ാം വിവാഹ വാര്‍ഷികത്തില്‍ മാള്‍ട്ടയില്‍ ആയിരിക്കാന്‍ ഫോക്സ് പദ്ധതിയിടുന്നു. സ്പെയിനിലെ കാമിനോ ഡി സാന്റിയാഗോ പാതയിലൂടെയുള്ള യാത്രയെക്കുറിച്ച് താന്‍ ചിന്തിച്ചിട്ടുണ്ടെന്നും ഫോക്സ് കൂട്ടിച്ചേര്‍ക്കുന്നു. ഈ റൂട്ട് തുടക്കം മുതല്‍ അവസാനം വരെ 825 കിലോമീറ്റര്‍ നീളവും യൂറോപ്പിലെ ഏറ്റവും മനോഹരമായ പ്രകൃതിദൃശ്യങ്ങളിലൂടെ കടന്നുപോകുന്നു. ഏറ്റവും പരിചയസമ്പന്നരായ യാത്രക്കാരെപ്പോലും ഭയപ്പെടുത്തുന്ന സഞ്ചാരപാതയാണിത്.
അതിനുശേഷം ഇറ്റലിയില്‍ പോകണമെന്നും അവര്‍ ആഗ്രഹിക്കുന്നു. പഴയ 20കാരിയായി ആ നഗരത്തെ കാണണമത്രെ. “ഇറ്റലിയെക്കുറിച്ചുള്ള ആ അത്ഭുതകരമായ ആദ്യ ഓര്മ എനിക്കുണ്ട്. കഴിയുമെങ്കില്‍ ഒരിക്കല്‍ കൂടി ആ പ്രദേശം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ അവർ പറഞ്ഞു. ആ ആദ്യ യാത്രയാണല്ലൊ വലിയ ലക്ഷ്യസ്ഥാനത്തെക്കുറിച്ച് പലതും പഠിപ്പിച്ചത്…